ശബരിമലയില്‍ പൊലീസിന് നിയന്ത്രണമില്ല, മണ്ഡലകാലത്ത് എന്തും സംഭവിക്കാം: കെ.സുധാകരന്‍

കോഴിക്കോട്: ശബരിമലയില്‍ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും മണ്ഡലകാലത്ത് എന്തും സംഭവിക്കാമെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചു. ചിത്തിര ആട്ടവിശേഷകാലത്ത് പൊലീസിന് സന്നിധാനത്ത് ഒരു നിയന്ത്രണവും ഇല്ലെന്ന് കേരളം മുഴുവന്‍ കണ്ടതാണ്. പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ച ശേഷമാണ് പ്രക്ഷോഭകര്‍ ആളുകളെ കയറ്റി വിട്ടത്. അയ്യപ്പനെ കാണാന്‍ വ്രതാനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമാണെന്നും അവ തെറ്റിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിക്കുന്നില്ല. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പ്രായോഗികമായ നിലപാട് സ്വീകരിക്കണം. ഇനി വരാന്‍ പോകുന്ന മണ്ഡലകാലത്തെങ്കിലും മുഖ്യമന്ത്രി യുക്തിപരമായ സമീപനം സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. റിവ്യൂ ഹര്‍ജി എതിരായാലും കോണ്‍ഗ്രസ് പ്രക്ഷോഭം തുടരും. വേണ്ടിവന്നാല്‍ സമരത്തന്റെ രൂപവും മാറ്റും.

എപ്പോഴും സമരമുഖത്ത് താന്‍ ഉണ്ടാകും. ശബരിമലയെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത്, മറിച്ച്‌ എല്ലാ ആരാധനാലയങ്ങളേയും ബാധിക്കും. ശബരിമലയില്‍ ബി.ജെ.പിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിയത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എം നടപ്പാക്കുന്നത് തരംതാണ രാഷ്ട്രീയമാണ്.

ശബരിമല വിഷയം ഉയര്‍ത്തി ബി.ജെ.പിയെ എതിര്‍ത്തു എന്ന പ്രതീതി ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *