കൊച്ചി; ഹൃദ്യമായ വാക്കുകളോടെയാണ് സുനില്‍ പി ഇളയിടം സംഘപരിവാറിന്റെ വധഭീഷണിയെ നേരിടുന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. സുനില്‍ പി ഇളയിടത്തിന്റെ വാക്കുകളും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എത്ര ഹൃദ്യമായാണ് സുനില്‍ പി ഇളയിടം സംഘപരിവാറിന്റെ വധഭീഷണിയെ നേരിടുന്നത്. ഗുരുദര്‍ശനങ്ങളുടെ ആഴമറിഞ്ഞവര്ക്കു മാത്രം സ്വായത്തമായ മമതയും നിര്‍മ്മമതയും ഒരേയളവില്‍ വാക്കുകളില്‍. സത്യത്തില്‍, നിങ്ങള്‍ക്കെങ്ങനെ സ്പര്‍ശിക്കാനാകും ഇത്തരമൊരാര്ജ്ജവത്തെ? അഹന്ത തൊട്ടു തീണ്ടാത്ത ഈ കരുതലിനെ?
സുനില്‍ പി ഇളയിടം പറയുന്നു.
‘പ്രിയ സുഹൃത്തുക്കളെ,
“മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക ”
ഇങ്ങനെ ഒരു വാക്യം എന്റെ പേരില്‍ പലരും പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നതു കണ്ടു. അത് എന്റെ വാക്കുകളല്ല. എങ്ങനെനെയോ പ്രചരിച്ചു തുടങ്ങിയതാണ്. അത്തരം അതിശക്തിയും പുരുഷബലവും നിറഞ്ഞ വാക്കുകള്‍ എന്റെ പ്രകൃതത്തിന്റെ ഭാഗമേയല്ല. അത് ഒഴിവാക്കണം എന്ന് പ്രിയ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.
സംഘപരിവാര്‍ ഭീഷണി പുതിയതല്ല. അതെന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല.
ഭയപ്പെടുത്തുകയുമില്ല.
അത് ഞാന്‍ അതിധീരനായതു കൊണ്ടല്ല.
അവര്‍ക്കെതിരായ സമരത്തിന്റെ അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉള്ള ഉറച്ച ബോധ്യം കൊണ്ടു മാത്രം. മൈത്രിയും കരുണയും കൊണ്ട് കെട്ടിപ്പടുക്കേണ്ടതാണ് ലോകം എന്ന ഉത്തമ ബോധ്യം കൊണ്ടു മാത്രം.
പിന്തുണ അറിയിക്കുകയും വിളിക്കുകയും ചെയ്ത എല്ലാവരോടും നിറയെ സ്നേഹം.
വിശദമായി പിന്നീട് എഴുതാം
എല്ലാവരോടും നിറയെ സ്നേഹം
