കോട്ടയം: ശബരിമലയിലെ ആചാരങ്ങള്‍ക്കു കോട്ടം തട്ടാതെയുമുള്ള വിവേകപൂര്‍വമായ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണു കരുതുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സ്ത്രീ പ്രവേശനം അനുവദിച്ചതിനെതിരായ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാമെന്ന സുപ്രീം കോടതിയുടെ തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ സമാധാനത്തെയും ആചാരങ്ങളെയും മുന്‍നിര്‍ത്തിയാകണം സര്‍ക്കാര്‍ തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്ത്രീ പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയാറായിട്ടില്ലെന്നും മുന്‍ വിധി വിധി പ്രാബല്യത്തില്നില്ക്കുന്നു എന്നാണ് അര്‍ഥമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതി നടപടിയോടു പ്രതികരിച്ചത്. പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാമെന്ന സുപ്രീം കോടതിയുടെ തീരുമാനത്തില്‍ മറ്റെന്തെങ്കിലും അര്ഥമുണ്ടോയെന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ആലോചിക്കുമെന്നും നിയമവിദഗ്ധരുമായി ആലോലിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത ജനുവരി 22-നാണ് സുപ്രീം കോടതി പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്. മണ്ഡലകാലത്തിനു മുന്‍പ് ഹര്‍ജികളില്‍ തീര്പ്പുണ്ടാവില്ലെന്ന് ഇതിലൂടെ വ്യക്തമായി. വിധി സ്റ്റേ ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
