ഒടുവില്‍ ആര്യാടന്‍

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പത്തനാംപുരം കോട്ടയായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസില്‍ പ്രതിരോധിക്കാന്‍ ഒരു നേതാവേ യു ഡി എഫില്‍ ഉണ്ടായിരുന്നുള്ളൂ…കാലങ്ങളായി ആര്യാടന്‍ മുഹമ്മദ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നേതാവിനെ തന്നെയാണ് സംസ്ഥാന യു ഡി എഫ് നേതൃത്വം കാണുന്നത്. ഇതിനിടെയാണ് സാക്ഷാല്‍ ആര്യാടന്‍ മുഹമ്മദ് ഒരു പ്രഖ്യാപനം നടത്തുന്നത്. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഞാനില്ലെന്നത്. നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനായിരുന്ന ആര്യാടന്റെ മകന്‍ കൂടിയായ ഷൗക്കത്തിനെ കൊണ്ടുവരാനാണ് ആര്യാടന്റെ ശ്രമം. ആര്യാടന്‍ ഒഴിഞ്ഞ് ഷൗക്കത്തിനെ കൊണ്ടുവരുമ്പോഴും കോണ്‍ഗ്രസില്‍ പടപ്പുറപ്പാടുണ്ടാവും. ആര്യാടന്‍ മാറി നില്ക്കുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടേയും കെ പി സി സിയുടേയും പിന്തുണയുള്ള വി വി പ്രകാശിനെ മത്സരിപ്പിക്കാനാണ് മറ്റൊരു നീക്കം.
ആര്യാടന്‍ ഒഴിഞ്ഞ് മകന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കാന്‍ നീക്കം നടത്തുമ്പോള്‍ എതിരായി വി വി പ്രകാശിനെ മത്സരിപ്പിക്കാന്‍ എതിര്‍പക്ഷവും ശ്രമിക്കും. ഇതിന്റെ സമവായ നീക്കമെന്ന നിലയില്‍ അവസാനം പ്രമുഖ നേതാവ് ആര്യാടന്‍ മുഹമ്മദ് തന്നെയാവും നിലമ്പൂരില്‍ യു ഡി എഫിന്റെ സ്ഥാനാര്‍ഥിയാവുക.