ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ തൃപ്തി ദേശായിക്ക് ചുവപ്പ് പരവതാനി !

ബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രതിഷേധം തട്ടിപ്പോ? വ്യാപകമായി സംഘ പരിവാറിന്റെ ഉദ്ദേശ ശുദ്ധി ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലേക്ക് തിരിക്കും മുന്‍പ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമല്ല മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസിനെയും രേഖാമൂലം അറിയിച്ചിരുന്നു. ഇത്രയും സെന്‍സിറ്റീവായ വിഷയത്തില്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോള്‍ സംശയം ഉണ്ടാക്കുന്നത്.

കൊച്ചി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ പുറത്ത് കടക്കാന്‍ സമ്മതിക്കാതെ ഉപരോധിച്ച സംഘപരിവാറുകാര്‍ക്ക് തൃപ്തി മഹാരാഷ്ട്രയില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പ് തന്നെ തടയാമായിരുന്നു.

ആര്‍.എസ്.എസ് കേന്ദ്ര ആസ്ഥാനത്തിന്റെ മൂക്കിന്റെ തുമ്ബത്തിരുന്ന് തൃപ്തി ദേശായി ശബരിമല പ്രവേശനം പ്രഖ്യാപിക്കുമ്ബോഴും ഒരു പ്രതിഷേധവും മഹാരാഷ്ട്രയില്‍ അരങ്ങേറിയില്ല. ഇവിടെ ശബരിമല കയറാന്‍ വന്ന ആക്ടിവിസ്റ്റുകളുടെ വീട് ആക്രമിച്ച സംഘപരിവാറുകാരുടെ കൈകള്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന മഹാരാഷ്ടയില്‍ തൃപ്തിയുടെ വീടിനു നേരെ ഉയരാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനു മുന്നില്‍ ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വവും ഉത്തരം മുട്ടി നില്‍ക്കുകയാണ്.

തൃപ്തി ദേശായിയെ കേരളത്തിലെത്തിച്ച്‌ മന:പൂര്‍വ്വം ഇടതു സര്‍ക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുക ആയിരുന്നുവോ പ്രതിഷേധക്കാര്‍ ഉദ്ദേശിച്ചത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

ശബരിമലയില്‍ തങ്ങള്‍ ഒരു അജണ്ട സെറ്റ് ചെയ്തു, മറ്റുള്ളവര്‍ അതില്‍ വീണു എന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയും തൃപ്തി ദേശായിയുടെ കേരള സന്ദര്‍ശനവും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഈ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി ഉയരുന്ന ആരോപണം.

തൃപ്തി ദേശായിക്കെതിരെ സംഘ പരിവാര്‍ ശക്തികേന്ദ്രമായ മഹരാഷ്ട്രയില്‍ ഒരു പ്രതിഷേധ കൊടി പോലും ഉയരാത്തതാണ് ഈ വാദത്തിന് ശക്തി പകരുന്നത്. മുന്‍പ് സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം തൃപ്തി ദേശായി നില്‍ക്കുന്ന ഫോട്ടോകളും വ്യാപകമായി പ്രചരിച്ചിരുന്നു.

രാഷ്ട്രീയ കേരളം എന്നും ബി.ജെ.പിയോട് കാണിച്ച അകല്‍ച്ച ഇല്ലാതാക്കാന്‍ സംഘപരിവാര്‍ കേന്ദ്ര നേതൃത്വം സെറ്റ് ചെയ്ത അജണ്ടയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നാണ് സി.പി.എമ്മും ആരോപിക്കുന്നത്. ഹിന്ദു സമുദായത്തിലെ ഭൂരിപക്ഷ വോട്ടുകളും നേടുന്നത് സി.പി.എം ആയതിനാല്‍ ഈ സാഹചര്യം തകര്‍ക്കാതെ കേരളത്തില്‍ ബി.ജെ.പിക്ക് മുന്നേറ്റം സാധ്യമാകില്ലെന്നാണ് സംഘ പരിവാര്‍ നേതൃത്വം വിലയിരുത്തുന്നത്.

ത്രിപുരയില്‍ ഉള്‍പ്പെടെ ഭരണം പിടിച്ചെടുക്കാന്‍ പറ്റിയിട്ടും കേരളത്തില്‍ മുന്നേറ്റം സാധ്യമാകാത്തതില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും അസ്വസ്ഥനായിരുന്നു.

ഈ സാഹചര്യം നില നില്‍ക്കെയാണ് സുപ്രീം കോടതി ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധി പുറപ്പെടുവിച്ചത്. അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ തന്ത്രപരമായ സമീപനമാണ് ആര്‍.എസ്.എസ് സ്വീകരിച്ചത്. ആദ്യം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും ഭക്ത വികാരം രാഷ്ട്രീയ കക്ഷി ഭേദമന്യേ ഉയര്‍ത്തി പിന്നീട് നിലപാട് മാറ്റി. സംഘപരിവാര്‍ കൊടിക്ക് കീഴില്‍ അണിനിരക്കാന്‍ വിമുഖത കാണിക്കുന്ന വിശ്വാസി സമൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.

തന്ത്രപരമായ ഈ നീക്കത്തില്‍ വിശ്വാസികളില്‍ നല്ലൊരു വിഭാഗം വീണുപോയതോടെ കോണ്‍ഗ്രസ്സിനും ബി.ജെ.പിയുടെ രഥയാത്രക്ക് പിന്നാലെ അതേ പാതയിലൂടെ യാത്ര നടത്തേണ്ടിയും വന്നു. വോട്ട് ബാങ്കിലെ ചോര്‍ച്ച ഭയപ്പെട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ പോലും തള്ളി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തിയത്. സി.പി.എം ആകട്ടെ എന്ത് നഷ്ടം തന്നെ ഉണ്ടായാലും നിലപാടില്‍ ഉറച്ച്‌ നില്‍ക്കുമെന്ന് ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയും ചെയ്തു.

വോട്ട് ബാങ്കല്ല നിലപാടുകളാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായിയും വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ ഭരണഘടനാപരമായ ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ടെന്ന് ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി സമ്ബാദിച്ചത് സി.പി.എം അല്ലെന്നും ഓര്‍മ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *