തിരുവല്ല: നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചതിന് പൊലീസ് കസ്‌റ്റഡിയിലെടുത്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലക്ക് ജാമ്യം അനുവദിച്ചു. തിരുവല്ല ആര്‍.ഡി.ഒയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. തന്നെ അറസ്‌റ്റ് ചെയ്‌തയിടത്ത് തിരികെ എത്തിക്കണമെന്ന ശശികലയുടെ ആവശ്യം കണക്കിലെടുത്ത് പൊലീസ് ഇവരെ ശബരിമലയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ആരോഗ്യം അനുവദിക്കുമെങ്കില്‍ ഇന്ന് തന്നെ സന്നിധാനത്തേക്ക് പോകുമെന്ന് ശശികലയും വ്യക്തമാക്കി.
കനത്ത പൊലീസ് സുരക്ഷയിലാണ് റാന്നി പൊലീസ് സ്‌റ്റേഷനില്‍ നിന്നും ശശികലയെ തിരുവല്ല ആര്‍.ഡി.ഒയുടെ മുന്നില്‍ ഹാജരാക്കിയത്. ഇവിടെയും പ്രതിഷേധവുമായി അഞ്ഞൂറോളം പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ബി.ജെ.പി, ഹിന്ദു ഐക്യവേദി നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ രാത്രി ഏഴരയോടെ മരക്കൂട്ടത്ത് എത്തിയ ശശികലയെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് അര്‍ദ്ധരാത്രി 1.40 ഓടെയാണ് അറസ്‌റ്റ് ചെയ്‌തത്. മടങ്ങിപ്പോകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഭക്തയായ താന്‍ ദര്‍ശനവും നെയ്യഭിഷേകവും നടത്താതെ മടങ്ങില്ലെന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്ന് ശശികലയെ റാന്നി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇവിടെ രാവിലെ മുതല്‍ തന്നെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി, ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് ശശികലയും ഉപവാസ സമരത്തിലായിരുന്നു.
മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം തന്നെ അറസ്‌റ്റ് ചെയ്‌ത നടപടി തിരുത്താന്‍ പൊലീസ് തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് റാന്നി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയ ശേഷം ശശികല പ്രതികരിച്ചിരുന്നു. വീണ്ടും ശബരിമലയ്‌ക്ക് വിടാമെന്ന് പൊലീസ് അറിയിച്ചു. ജാമ്യം ലഭിച്ച ശേഷം സന്നിധാനത്തേക്ക് പോകും. മരക്കൂട്ടത്തില്‍ കിടന്നുറങ്ങിയ തന്നെ പൊലീസ് വലിച്ചിഴച്ചാണ് അറസ്‌റ്റ് ചെയ്‌തത്. മലയ്‌ക്ക് പോകാനുള്ള വിലക്ക് നീക്കിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
