റായ്പുര്‍: നെഹ്റു-ഗാന്ധി പാരന്പര്യത്തിനെതിരേ വീണ്ടും വിമര്‍ശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദളിത് നേതാവായ സീതാറാം കേസരിയെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് സോണിയ ഗാന്ധിക്കു വഴിയൊരുക്കുന്നതിനു വേണ്ടിയായിരുന്നു എന്നായിരുന്നു മോദിയുടെ ആരോപണം. ഛത്തിസ്ഗഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുവേണ്ടി വാദിച്ചത്.
നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഏതൊരു നേതാവിനോടും കോണ്‍ഗ്രസ് വൃത്തികെട്ട സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സോണിയ ഗാന്ധിക്ക് വഴിയൊരുക്കുന്നതിനുവേണ്ടിയാണ് സീതാറാം കേസരിയെ കോണ്‍ഗ്രസ് ഓഫീസില്‍നിന്നു വഴിയരികിലേക്ക് ഇറക്കിവിട്ടത്. നെഹ്റുവിന്റെ പാരന്പര്യമാണ് ചായക്കടക്കാരന് പ്രധാനമന്ത്രിയാകുന്നതിനു കാരണമായതെന്നാണു കോണ്‍ഗ്രസ് പറയുന്നത്. അത് ക്രെഡിറ്റ് അടിച്ചെടുക്കുന്നതിനു വേണ്ടി മാത്രമാണ്. നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരു നേതാവിനെ അഞ്ചു വര്‍ഷത്തേക്കു പാര്‍ട്ടി അധ്യക്ഷനാക്കിയാല്‍ നെഹ്റുവാണ് ചായക്കടക്കാരനെ നേതാവാക്കിയതെന്നു ഞാന്‍ സമ്മതിക്കാം- മോദി പറഞ്ഞു.
കോണ്‍ഗ്രസ് ശക്തികേന്ദ്രമായ മഹാസമുന്ദില്‍ സംസാരിക്കവെയാണ് മോദി കോണ്‍ഗ്രസ് നേതൃത്വത്തിനു നേരെ ആരോപണമുന്നയിച്ചത്. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥി വിമല്‍ ചോപ്രയാണ് ഇവിടെ വിജയിച്ചത്. 2003-ലാണ് ഇതിനു മുന്‍പ് മണ്ഡലത്തില്‍ ബിജെപി വിജയിക്കുന്നത്.
