ഉടക്കാന്‍ കേന്ദ്രം; രാജ്നാഥും നിര്‍മ്മലയും ശബരിമലയിലേക്ക് ഉടന്‍ വരുന്നു . . .

തിരുവനന്തപുരം: പിണറായി സര്‍ക്കാറിനോട് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച്‌ കേന്ദ്രത്തിലെ പ്രധാന രണ്ടു മന്ത്രിമാരെ ശബരിമലയിലേക്ക് അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് സൂചന

സ്ത്രീപ്രവേശന വിഷയം വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനുമാണ് ശബരിമലയില്‍ എത്താന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നിലനില്‍ക്കുന്ന പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയിലാണ് കേന്ദ്രത്തിലെ തന്നെ മുതിര്‍ന്ന രണ്ട് മന്ത്രിമാര്‍ ശബരിമലയിലേക്ക് എത്താന്‍ ഒരുങ്ങുന്നത്.

സുരക്ഷ കണക്കിലെടുത്ത് ശബരിമല സന്നിധാനത്തും പമ്ബയിലും നിലയ്ക്കലിലുമെല്ലാം നിരോധനാജ്ഞ നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ ബി.ജെ.പി, സംഘപരിവാര്‍ നേതാക്കളെ ഇതിനോടകം തന്നെ കസ്റ്റഡിയിലെടുക്കുകയും നരവധി പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഇപ്പോഴും ജയില്‍ മോചിതനാകാന്‍ സാധിച്ചിട്ടില്ല. കൂടാതെ, കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്.പി യതീഷ് ചന്ദ്ര മോശമായാണ് പെരുമാറിയതെന്നാണ് ബിജെപിയുടെ ആരോപണം.

ശബരിമലയില്‍ ശരണം വിളിക്കുകയും നാമജപം നടത്തുകയും ചെയ്ത നിരവധിയാളുകളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു കേന്ദ്ര-ആഭ്യന്തര മന്ത്രി നേരിട്ട് സന്നിധാനത്തെത്തിയത്. നേരത്തെ ബി.ജെ.പി എം.പിമാരായ വി.മുരളീധരനും നളിന്‍കുമാര്‍ കട്ടീലും സന്നിധാനത്തെത്തിയിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രമന്ത്രിമാരെ സന്നിധാനത്തെത്തിക്കാന്‍ ബി.ജെ.പി നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ശബരിമലയില്‍ എത്താന്‍ ഒരുങ്ങുന്നത്.

അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച്‌ ഗവര്‍ണര്‍ക്കും ചെന്നിത്തല കത്ത് നല്‍കിയിരുന്നു. ശബരിമലയില്‍ 144 പ്രഖ്യാപിച്ചതിലൂടെ ഭക്തരെ ഇവിടെ നിന്നും അകറ്റാനെ സാധിക്കുകയുള്ളൂവെന്നാണ് ചെന്നിത്തല കത്തില്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *