വിശ്വാസികളെ ദ്രോഹിച്ച സി.പി.എമ്മുമായുള്ള ബന്ധം പാപം, പിന്തുണ പിന്‍വലിച്ച്‌ പി.സി ജോര്‍ജിന്റെ ജനപക്ഷം

എരുമേലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച്‌ പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി സി.പി.എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതിനെ തുടര്‍ന്ന് പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സി.പി.എം പ്രസിഡന്റിന് എതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി. വിശ്വാസികളെ ദ്രോഹിക്കുന്ന സി.പി.എമ്മുമായുള്ള ബന്ധം പാപമാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു. എരുമേലിയില്‍ മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ മുന്നണി ബന്ധത്തെ കുറിച്ച്‌ ലോക്സഭ തിരഞ്ഞെടുപ്പ് വരുമ്ബോള്‍ തീരുമാനമെടുക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ബി.ജെ.പിക്കാര്‍ മോശമാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസിനോടും സി.പി.എമ്മിനോടും ഇപ്പോള്‍ തുല്യ അകലമാണെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി.

പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്തില്‍ മൂന്നുവര്‍ഷം സി.പി.എമ്മും ജനപക്ഷവും കൈകോര്‍ത്ത ഭരണമാണ് ശബരിമല വിഷയത്തിലെ നിലപാടിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ അവസാനിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജനപക്ഷം വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. പ്രസിഡന്റ് സി.പി.എമ്മിലെ ധനേഷ് വെട്ടിമറ്റത്തിനെതിരെ അവിശ്വാസം കൊണ്ടുവന്ന് ഭരണപക്ഷത്തെ മറിച്ചിടാനാണ് ജനപക്ഷ തീരുമാനം. ശബരിമല സമരത്തില്‍ പി.സി ജോര്‍ജ് മുന്‍ പന്തിയില്‍ നിന്നതോടെ സി.പി.എമ്മുമായിട്ടുള്ള ബന്ധം വഷളായി. ഇതേതുടര്‍ന്നാണ് ജനപക്ഷം സി.പി.എം ഭരണത്തിന് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

13 അംഗ പഞ്ചായത്തിലെ 8 സി.പി.എം അംഗങ്ങളും 3 ജനപക്ഷം അംഗങ്ങളും ചേര്‍ന്നാണ് ഭരണം നടത്തിയിരുന്നത്. കോണ്‍ഗ്രസ് 3, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷിനില. ശബരിമല സംരക്ഷണ മുന്നണി എന്ന നിലയില്‍ കോണ്‍ഗ്രസ് ബി.ജെ.പി ജനപക്ഷം കൂടിച്ചേര്‍ന്ന് ഭരണത്തെ പിടിച്ചെടുത്ത് സംസ്ഥാനത്ത് പുതിയ കൂട്ടുകെട്ട് ഉണ്ടാക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *