പി.കെ ശശിക്കെതിരായ സിപിഐഎം നടപടി മാതൃകാപരമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പി.കെ ശശിക്കെതിരായ സിപിഐഎം നടപടി മാതൃകാപരമാണെന്ന് കാനം രാജേന്ദ്രന്‍. പല പാര്‍ട്ടികളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ സിപിഐഎം എടുത്ത പോലെ ഒരു നടപടി ആരും എടുത്തിട്ടില്ലെന്നും കാനം പറഞ്ഞു.

പീഡനക്കേസില്‍ ആരോപണവിധേയനായ പി.കെ ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറു മാസത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ നേതാവാണ് പി.കെ ശശിയ്‌ക്കെതിരെ പരാതി നല്‍കിയത്. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും പി.കെ ശശി പറഞ്ഞിരുന്നു.

അതേസമയം, ലൈംഗീകാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് എത്തിയിരുന്നു. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്നും ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലില്ല. എന്നാല്‍, എ.കെ ബാലന്റെ വാദം പികെ ശ്രീമതി തള്ളി.

ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ നടപടി വൈകുന്നതില്‍ അതൃപ്തിയുമായി ഭരണപരിഷ്‌ക്കാര കമ്മിഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *