ശബരിമല സമരത്തിന്റെ ദിശമാറ്റി ബി.ജെ.പി, സെക്രട്ടറിയേറ്റിന് മുന്നില്‍ രണ്ടാഴ്‌ചത്തെ നിരാഹാര സമരം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി വീണ്ടും സമര രംഗത്തേക്ക്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക,​ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ നാല് ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡിസംബര്‍ മൂന്ന് മുതല്‍ ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്‌ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കും. 15 ദിവസത്തേക്കാണ് നിരാഹാര സമരം നടത്തുകയെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. ബി.ജെ.പി നേതൃയോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്നിധാനത്തും ശബരിമലയിലും ബി.ജെ.പി സമരം നടത്തിയിട്ടില്ല. ശബരിമല കര്‍മസമിതിയാണ് സന്നിധാനത്തും മറ്റും പ്രതിഷേധം നടത്തിയത്. ഇതിന് ബി.ജെ.പി പിന്തുണ നല്‍കുകയായിരുന്നു. ബി.ജെ.പിയുടെ പ്രവര്‍ത്തകരാരും ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയിട്ടില്ല. ആദ്യഘട്ടത്തില്‍ ശബരിമലയിലേക്ക് പോയ സുരേന്ദ്രനില്‍ നിന്നും എന്തെങ്കിലും തെറ്റുണ്ടായോ എന്ന് തനിക്ക് അറിയില്ല.

സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണ്. മനുഷ്യാവകാശങ്ങള്‍ പോലും പാടേ ലംഘിച്ചാണ് അദ്ദേഹത്തെ ജയിലില്‍ ഇട്ടിരിക്കുന്നത്. നീതി നിഷേധിക്കപ്പെട്ട വിഭാഗമാണ് ആര്‍.എസ്.എസും ബി.ജെ.പിയും. ഞങ്ങളെ രണ്ടാം കിട പൗരന്മാരായാണ് മുഖ്യമന്ത്രി കണക്കാക്കുന്നത്. അത് അംഗീകരിക്കാന്‍ കഴിയില്ല. പി.സി.ജോര്‍ജുമായി ശബരിമല വിഷയത്തില്‍ നിയമസഭയില്‍ സഹകരിക്കാന്‍ മാത്രമേ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളൂ. മറ്റ് കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സര്‍ക്കാരിനെതിരെയാണെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ സമരകേന്ദ്രം മാറ്റിയതിനെ മുഖ്യമന്ത്രിയുടെ പരാമര്‍ശവുമായി ചേര്‍ത്ത് വായിക്കേണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *