തിരുവനന്തപുരം: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിനുള്ള ചെലവായി ന്യൂഡല്‍ഹിയിലെ വ്യോമസേനാ ആസ്ഥാനം ആവശ്യപ്പെട്ടത് 33.79 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആകെ 33,79,77,250 രൂപയാണ് നല്‍കേണ്ടത്. ഈ തുകയും കേന്ദ്രം അനുവദിച്ച റേഷന്‍ സാധനങ്ങള്‍ക്കുമായി 290.74കോടി നല്‍കേണ്ട അവസ്ഥയാണ് കേരളത്തിനെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സംസ്ഥാന ദുരന്തപ്രതികരണ നിധിയിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാല്‍പോലും ഈ തുക കൊടുത്തുതീര്‍ക്കാനാവില്ല. നിധിയിലേക്ക് 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.04 കോടി രൂപ ഇതുവരെ ചെലവായി. 706.74 കോടി രൂപ കൂടി ലഭ്യമായാലേ ഇതുവരെയുള്ള ബാദ്ധ്യത തീര്ക്കാനാവൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക മതിയാകില്ലെന്നും
പിണറായി വിജയന് പറഞ്ഞു. വിവിധയിടങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ആകെ തുക 2683.18 കോടി രൂപയാണ്. എന്നാല്‍ പ്രളയത്തില്‍ 26718 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
