തിരുവനന്തപുരം: ശബരിമല സമരത്തില്‍ കടുത്ത വിമര്‍ശനവുമായി വി.മുരളീധരന്‍ രംഗത്ത്. ഒത്തു തീര്‍പ്പിന് ആത്മാഭിമാനം ഉള്ള ബിജെപിക്കാര്‍ തയ്യാറാകില്ല. സമരം തീര്‍ക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തയ്യാറാകില്ലെന്നാണ് കരുതുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തെ അടിച്ചമര്‍ത്താന്‍ പിണറായി വിജയന്‍ ശ്രമിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. വയല്‍ക്കിളി സമരത്തിന് മറുപടി പറയാന്‍ താന്‍ സംസ്ഥാന ഘടകത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനുള്ള മറുപടി സംസ്ഥാന അധ്യക്ഷനാണ് നല്‍കേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ചുണ്ടായ സമരത്തില്‍ നിന്ന് ബിജെപി പിന്‍വാങ്ങിയതില്‍ ആര്‍എസ്‌എസ് നേതൃത്വത്തിന് അതൃപ്തിയെന്നാണ് സൂചന.
ശബരിമല സമരത്തിന് ആര്‍എസ്‌എസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ബിജെപി നേതാക്കള്‍ അട്ടിമറിക്കുകയാണെന്നും ശബരിമല കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയത് ഇതിന്റെ ഭാഗമെന്നോണമാണെന്നും ഇപ്പോഴത്തെ ബിജെപി പ്രസിഡന്റിന് സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ മാത്രമേ സമയമുള്ളൂവെന്നും ആര്‍എസ്‌എസ് നേതൃത്വത്തിന് പരാതിയുണ്ട്.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും ആര്‍എസ്‌എസ് നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്.
