പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷദിവസം ദര്‍ശനം നടത്തിയ അന്പത്തിരണ്ടുകാരിയായ തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയും സുരേന്ദ്രന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.
വാറണ്ടില്ലാതെ കെ.സുരേന്ദ്രനെ അധിക തടങ്കലില്‍ വെയ്ക്കുകയായിരുന്നു എന്ന് സുരേന്ദ്രന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ നവംബര്‍ 21 ന് സുരേന്ദ്രന് ജാമ്യം അനുവദിച്ച ദിവസം രാവിലെ ഏഴുമണിക്കു തന്നെ സുരേന്ദ്രനെതിരെയുള്ള വാറണ്ട് കൊട്ടാരക്കര സബ് ജയില്‍ സൂപ്രണ്ട് കൈപ്പറ്റി എന്ന് പോലീസ് കോടതിയെ അറിയിച്ചു.
കേസിലെ ഒന്നാം പ്രതി ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ജാമ്യാപേക്ഷയും പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സുരേന്ദ്രന് ഗൂഢാലോചന നടത്തിയതിന് തെളിവായി പോലീസ് ഹാജരാക്കിയത്. അതേസമയം സുരേന്ദ്രന് രണ്ട് കേസുകളില്‍ക്കൂടി ജാമ്യം ലഭിച്ചു. കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
