തിരുവനന്തപുരം: സെക്രട്ടറിയേറ്റിനകത്തും പുറത്തും പൊതുവേദികളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍ എന്നിവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജനാധിപത്യ വിരുദ്ധമായ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സെക്രട്ടറിയേറ്റിനകത്തും പുറത്തും പൊതുവേദികളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍ എന്നിവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്.
ജനാധിപത്യ ഭരണക്രമത്തില്‍ സുതാര്യത ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്; അത് ഭരണകൂടത്തിന്‍്റെ ചുമതലയുമാണ്.
ജനങ്ങള്‍ അറിയേണ്ടതും ജനങ്ങളെ അറിയിക്കേണ്ടതുമായ കാര്യങ്ങളെ സംബന്ധിച്ച് വിശദവിവരങ്ങള്‍ ആരായേണ്ടതും വ്യക്തത വരുത്തി വസ്തുനിഷ്ഠമായി അതെല്ലാം ജനങ്ങളിലേക്ക് എത്തിക്കേണ്ടതും മാധ്യമ ധര്‍മ്മമാണ്. അവിടെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പലതും മറച്ചു വയ്ക്കാനുള്ള വ്യഗ്രതയാണ് പ്രകടമാക്കുന്നത്.
സുതാര്യതയെ എന്തിനാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്.? ഈ ചോദ്യമാണ് സ്വാഭാവികമായി ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
ഇന്നേവരെ രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തില്‍ ഒരു സര്‍ക്കാരിന്‍്റെ കാലത്തും ഏര്‍പ്പെടുത്താത്ത ഇത്തരം നിയന്ത്രണം ഒരു ഇടതുപക്ഷ ഭരണസംവിധാനത്തില്‍ ഉണ്ടാകുന്നു എന്നത് അതിവിചിത്രവും അപലപനീയവുമാണ്.
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജനാധിപത്യ വിരുദ്ധമായ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണം
