കൊച്ചി: നിലന്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ പ്രവാസിയില്‍നിന്ന് പണംതട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ഏറനാട് സ്വദേശി സലിമില്നിന്നു അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
നേരത്തെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അന്‍വര്‍ നല്കിയ പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. പുനഃപരിശോധന നടത്തുന്നതിനുള്ള കാരണങ്ങള്‍ ഹര്‍ജിയില്‍ ഇല്ലായിരുന്നു. ഇതേതുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കര്‍ണാടകയിലെ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞു പണം തട്ടിയെന്ന പരാതിയില്‍ തുടര്‍നടപടി ഉണ്ടായില്ലെന്നാരോപിച്ചാണ് സലിം ഹൈക്കോടതിയെ സമീപിച്ചത്. മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ചിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്നും ഇതിനായി ഒരു മാസത്തിനകം ഡിജിപി ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി നവംബറില്‍ വിധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയായില്ലെന്നും യോഗ്യതയും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥന് അന്വേഷണം കൈമാറാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
