മലപ്പുറം: തിരഞ്ഞെടുപ്പ് പിന്തുണ ഏതെങ്കിലുമൊരു മുന്നണിക്ക് തീറെഴുതുന്ന നിലപാട് ഇത്തവണ കാന്തപുരം സുന്നി വിഭാഗത്തിനുണ്ടാവില്ല. സംഘടനയ്ക്ക് ഗുണകരമായ നിലപാടെടുക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഓരോ മണ്ഡലങ്ങളിലും നിലപാടെടുക്കാനാണ് എ.പി വിഭാഗം ആലോചിക്കുന്നത്. മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായ ശേഷമേ നിലപാട് പ്രഖ്യാപിക്കൂ.
ഇടതുപക്ഷത്തിന് അനുകൂലമായ പൊതുസമീപനമാണ് കാന്തപുരം വിഭാഗം പൊതുവേ കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇരുമുന്നണികളില്‍ നിന്നും ഗുണകരവും ദോഷകരവുമായ സമീപനങ്ങള്‍ സംഘടനയ്ക്കുണ്ടായിട്ടുണ്ടെന്നാണ് കാന്തപുരം വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇത് പിന്തുണയിലും പ്രതിഫലിക്കും. പിന്തുണാ ലിസ്റ്റില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ മേല്‍ക്കൈ നേടുമെങ്കിലും കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കും ഇത്തവണ പിന്തുണ ലഭിച്ചേക്കും. മുസ്‌ലിം സമൂഹത്തിലെ പ്രബല വിഭാഗമെന്ന നിലയില്‍ കാന്തപുരം സുന്നികളെ മാറ്റിനിറുത്തേണ്ടെന്ന കോണ്‍ഗ്രസ്, ലീഗ് നിലപാടിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു വര്‍ഷവും യോജിപ്പിന്റെ വഴികളാണ് യു.ഡി.എഫ് തേടിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം പരോക്ഷമായി യു.ഡി.എഫിലേക്ക് ചായുന്നതിന്റെ സൂചനകളുമുണ്ടായിരുന്നു . മുസ്‌ലിം ലീഗും കോണ്‍ഗ്രസും കാന്തപുരം വിഭാഗവുമായി അടുത്തത് ഇ.കെ. വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനും കാരണമായി. സംഘടനയ്ക്ക് അനുകൂല നിലപാടെടുത്ത യു.ഡി.എഫ് നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അവര്‍ക്കനുകൂലമായ നിലപാടുണ്ടാവും. യു.ഡി.എഫ് ഭരണകാലത്ത് നേരിട്ടിരുന്ന കടുത്ത അവഗണനയ്ക്ക് ഇപ്രാവശ്യം അയവുണ്ടായിട്ടുണ്ടെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.
പ്രവാചക തിരുശേഷിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ കാന്തപുരം വിഭാഗത്തെ തളളുന്ന നിലപാടായിരുന്നു സി.പി.എമ്മിന്റേത്. പ്രശ്‌നാധിഷ്ഠിത പിന്തുണയെന്ന നിലപാടെടുക്കാന്‍ ഇതും പ്രധാന കാരണമായി.തിരുകേശ വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി ഇ.കെ. വിഭാഗം രംഗത്തുണ്ടായിട്ടും മുസഌംലീഗും കോണ്‍ഗ്രസും മൗനം പാലിക്കുകയായിരുന്നു.
മഹല്ലുകളും സ്ഥാപനങ്ങളും പിടിച്ചെടുക്കാന്‍ വഖഫ് ബോര്‍ഡിനെ മുന്നില്‍ നിറുത്തി ഇ.കെ വിഭാഗത്തെ വഴിവിട്ട് സഹായിച്ചവരുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന കാര്‍ക്കശ്യം കാന്തപുരം വിഭാഗം പ്രകടമാക്കും. മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച ശേഷമേ നിലപാട് തീരുമാനിക്കൂ എന്ന് കാന്തപുരം വിഭാഗത്തിന്റെ ബഹുജന സംഘടനയായ കേരള മുസഌം ജമാഅത്തിന്റെ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ.എം.എ. റഹീം പറഞ്ഞു. മുന്‍ നിലപാടുകള്‍ തുടരുന്നതിന് പകരം പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
