മുംബൈ : കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാന് സ്വദേശിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് റോഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്നാണ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. ഇവരെ ഇന്നുതന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
കൊല്ലം ഓച്ചിറയില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന് സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളം മര്‍ദിച്ച് അവശരാക്കിയ ശേഷമാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പ്രതി റോഷന് പെണ്‍കുട്ടിയുമായി ബംഗലൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് റോഷന് ബംഗലൂരുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം ബംഗലൂരുവിലേക്കും, അവിടെ നിന്നും രാജസ്ഥാനിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
