ബി.ജെ.പി സീറ്റ് നിഷേധിച്ചു; പ്രതിഷേധവുമായി മുരളീമനോഹര്‍ ജോഷി

കാന്‍പൂര്‍: ബി.ജെ.പി. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി മുരളി മനോഹര്‍ ജോഷി. മത്സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്ന് തന്നോട് ബിജെപി ആവശ്യപ്പെട്ടതായി ജോഷിയുടേതെന്ന പേരില്‍ ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്. ഈ പ്രസ്താവനയില്‍ പക്ഷേ ജോഷി ഒപ്പിട്ടിട്ടില്ല. എന്നാല്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി രാംലാല്‍ തന്നോട് മത്സരിക്കേണ്ടെന്ന് പറഞ്ഞതായി മുരളീ മനോഹര്‍ ജോഷി പറഞ്ഞെന്ന് ഒരു ദേശീയ ചാനല്‍ വാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയിലെ സീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ഒഴിച്ചിട്ട മുരളീമനോഹര്‍ ജോഷിക്ക് ഇപ്പോള്‍ കാന്‍പൂര്‍ സീറ്റ് കൂടി നിഷേധിക്കപ്പെടുകയാണ്. 90കള്‍ക്ക് ശേഷം ബിജെപിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായി അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിപ്പട്ടിക ആദ്യമായാണ് പുറത്തുവരുന്നത്. അദ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗാന്ധിനഗറില്‍ ഇത്തവണ മത്സരിക്കുന്നത് ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ്. മുരളീമനോഹര്‍ ജോഷിയുടെ സിറ്റിംഗ് സീറ്റായ കാന്‍പൂരില്‍ സ്ഥാനാര്‍ത്ഥികളെയൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *