പിഴച്ചു

പൂഞ്ഞാര്‍:  ആറു തവണ പ്രതിനിധീകരിച്ച മണ്ഡലത്തില്‍ ഒട്ടൊരു ആശങ്കയോടെ ഗതിയില്ലാതെ നില്ക്കാന്‍ വിധിക്കപ്പെട്ട പി സി ജോര്‍ജിന് ഇക്കുറി രാഷ്ട്രീയ നീക്കങ്ങള്‍ പിഴച്ചു. രണ്ടംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ശക്തി കൂട്ടാന്‍ നെയ്യാറ്റിന്‍കര എം എല്‍ എ ശെല്‍വരാജിനെ സി പി എമ്മില്‍ നിന്നടര്‍ത്തി യു ഡി എഫ് പാളയത്തിലെത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച പി സി ജോര്‍ജിനെ വെറുതെ വിടില്ലെന്ന് തീരുമാനിച്ചത് പിണറായി വിജയനായിരുന്നു. കാരണം പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴാണ് പി സി ജോര്‍ജ് ശെല്‍വരാജിനെ ചാക്കിട്ടു കൊണ്ടുപോന്നത്. മുന്നണികളില്‍ അല്ലാതെ ഒറ്റക്ക് മത്സരിച്ച് പരിചയമില്ലാത്ത പി സി ജോര്‍ജിന് ഇക്കുറി തനിച്ചു നില്ക്കുകയേ വഴിയുള്ളൂ. ആറു ജയങ്ങളില്‍ മൂന്നെണ്ണം എല്‍ ഡി എഫിനൊപ്പവും മൂന്നെണ്ണം യു ഡി എഫിനൊപ്പവും നിന്നായിരുന്നു. ഒരു തവണ പൂഞ്ഞാറില്‍ പരാചയപ്പെടുകയും ചെയ്തു. സി പി എം സംസ്ഥാന നേതൃത്വത്തിന് പി സി ജോര്‍ജിനെ പിന്തുണയ്ക്കുന്നതില്‍ തുടക്കത്തിലേ അതൃപ്തിയുണ്ടായിരുന്നു. പി ബിയംഗം പിണറായി വിജയന്റെ എതിര്‍പ്പ് അറിയാവുന്നതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആരും പി സി ജോര്‍ജിനായി വാദിക്കാന്‍ മെനക്കെട്ടില്ല. സി പി എം പ്രാദേശിക ഘടകത്തിന്റെയും ചില ജില്ലാ നേതാക്കളുടെയും പിന്തുണയുടെ ബലത്തിലാണ് സി പി എം പിന്തുണ ലഭിക്കുമെന്ന് പി സി ജോര്‍ജ് അവകാശപ്പെട്ടത്. രാഷ്ട്രീയ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് തക്കസമയത്ത് ആഞ്ഞടിക്കുന്ന പി സി ജോര്‍ജ് സി പി എം നീക്കം മുന്‍ കൂട്ടി കാണുന്നതില്‍ പരാചയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *