ദില്ലി: തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്‍ മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കേന്ദ്ര സ്ഫോടകവസ്തു പരിശോധനാ ഏജന്‍സിയായ പെസ്സോയ്ക്കാണ് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. നേരത്തേ ഡെപ്യൂട്ടി എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ മാലപ്പടക്കത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
നേരത്തേ മാലപ്പടക്കം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഇരുദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് എസ് എ ബോബ്‍ഡെ അദ്ധ്യക്ഷനായ ബഞ്ച് പരിഗണിക്കാന്‍ വിസമ്മതിച്ചിരുന്നു. മാലപ്പടക്കം പൊട്ടിക്കണോ വേണ്ടയോ എന്ന കാര്യം അതുമായി ബന്ധപ്പെട്ട ഏജന്‍സി തീരുമാനിക്കട്ടെ എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ഏതൊക്കെ പടക്കം പൊട്ടിക്കണമെന്നും, വേണ്ടെന്നും സുപ്രീംകോടതിക്ക് അനുമതി നല്‍കാനാകില്ലെന്നും അന്ന് ജസ്റ്റിസ് ബോബ്‍ഡെ നിരീക്ഷിച്ചു.
എന്നാല്‍ പെസ്സോ മാലപ്പടക്കത്തിന് അനുമതി നിഷേധിച്ചു. കൂട്ടിക്കെട്ടിയ മാലപ്പടക്കം പൊട്ടിക്കുന്നത് ദീപാവലിക്ക് അടക്കം നിരോധിച്ചതിനാല്‍ ഇത് അനുവദിക്കാനാകില്ലെന്നാണ് പെസ്സോയുടെ നിലപാട്. സാധാരണ മാലപ്പടക്കവും ചേര്‍ത്താണ് പൂരം വെടിക്കെട്ട് ഒരുക്കുന്നത്. ഡിസ്‍പ്ലേ ലൈസന്‍സ് ഉള്ള തൃശ്ശൂര്‍ പൂരത്തിന് ദീപാവലിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ബാധകമാക്കാനാകില്ലെന്ന് കോടതിയില്‍ ഇരുദേവസ്വങ്ങളും വാദിച്ചു. ഇത് കണക്കിലെടുത്താണ് മാലപ്പടക്കത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്.
ഇന്നാണ് പൂരം കൊടിയേറിയത്. മെയ് 14-ന് രാത്രിയാണ് പൂരം വെടിക്കെട്ട്. നേരത്തേ പൂരം വെടിക്കെട്ടിലേക്ക് കുഴിമിന്നലിനും ഗുണ്ട് പടക്കത്തിനും പെസ്സോ അനുമതി നല്‍കിയിരുന്നു.
