ന്യൂഡല്‍ഹി: നോയിഡയില്‍ സ്പാ സെന്ററുകളുടെ മറവില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തിയിരുന്നവര്‍ പിടിയില്‍. സ്പാ സെന്ററുകളില്‍ നടന്ന റെയ്ഡില്‍ വിദേശികള്‍ അടക്കം 35 പേര്‍ അറസ്റ്റില്‍. 25 പേര്‍ സ്ത്രീകളാണ്. ഞായറാഴ്ച രാത്രിയാണ് നിരവധി കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയത്.
തായ്‌ലാന്‍ഡ് അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും ഒരു ലക്ഷത്തോളം രൂപയും ഉപയോഗിച്ചതും അല്ലാത്തതുമായി ഗര്‍ഭനിരോധ ഉറകള്‍, ബിയര്‍, മറ്റു സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
സെക്ടര്‍ 18ലെ 14 സ്പാ സെന്ററുകളിലാണ് റെയ്ഡ് നടന്നതെന്ന് എസ്.എസ്.പി വൈഭവ് കൃഷ്ണ പറഞ്ഞു. അര്‍ദ്ധരാത്രിയിലാണ് റെയ്ഡുകള്‍ നടന്നത്. 14 സംഘമായി തിരിഞ്ഞായിരുന്നു പോലീസിന്റെ നടപടി. എട്ട് സ്‌റ്റേഷന്‍ ഓഫീസര്‍മാരും വനിത പോലീസ് അടക്കം 30 എസ്.ഐമാരും റെയ്ഡിനു നേതൃത്വം നല്‍കി.
മൂന്നു സ്പാകള്‍ വ്യഭിചാരശാലകളായി പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി. മറ്റുള്ളവയില്‍ നിയമവിരുദ്ധമായ പല ഇടപാടുകളും നടന്നിരുന്നുവെന്നാണ് പോലീസ് വെളിപ്പെടുത്തല്‍. സ്പാ സെന്ററുകള്‍ക്കും അവയുടെ ഉടമകള്‍ക്കും എതിരെ ഉത്തര്‍പ്രദേശ് ഗുണ്ടാ ആക്‌ട് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
