കസ്റ്റഡി മരണത്തില്‍ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലോക്കപ്പിനകത്ത് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

അടിയന്തിര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഈ ആക്ഷേപങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ചില്ല. രാജ്കുമാറിന് മര്‍ദനമേറ്റെന്ന് പരോക്ഷമായി സമ്മതിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്കുമാറിനെ പീരുമേട് സബ്ജയിലില്‍ കൊണ്ടുവരുമ്ബോള്‍ അദ്ദേഹത്തിന് നടക്കാന്‍ പോലും പ്രയാസമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പരസഹായം വേണ്ട അവസ്ഥയാണുണ്ടായത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എന്തുകൊണ്ട് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ കിടത്തി ചികിത്സിക്കാന്‍ ശ്രമിച്ചില്ല എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇത്തരത്തില്‍ അവശ നിലയിലായ രാജ്കുമാറിനെ നെടുങ്കണ്ടത്ത് നിന്നും ദീര്‍ഘ ദൂരം സഞ്ചരിച്ച്‌ കോട്ടയത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴും അദ്ദേഹത്തിന് അവശത കൂടുകയല്ലേ ഉണ്ടാവുക, ഇത് വിചിത്രമായ സംഗതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്കപ്പില്‍ ആരെയെങ്കിലും തല്ലാനും കൊല്ലാനും ശ്രമിക്കുന്നവരെ ഒരു തരത്തിലും സര്‍ക്കാര്‍ സംരക്ഷിക്കില്ല. അത്തരക്കാരെ സര്‍വീസിലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മുഖ്യമന്ത്രി ഒരു പശ്ചാത്താപ പ്രസ്തവനയാണ് നടത്തിയതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. എന്തുകൊണ്ട് കേസ് എടുക്കാന്‍ വൈകി എന്ന് സതീശന്‍ ചോദിച്ചു. ദുരൂഹമായ സാഹചര്യങ്ങളാണുള്ളത്. രാജ്കുമാറിന്റെ കയ്യിലുള്ള കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനാണ് പോലീസ് ശ്രമിച്ചത്. നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.അതേസമയം മുഖ്യമന്ത്രിയുടെ മറുപടിയേ തുടര്‍ന്ന് അടിയന്തര പ്രമേത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *