തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മത്സരിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് മത്സരിക്കാനെത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലാണ് കുമ്മനത്തെ വെട്ടാന്‍ കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരന്.
സ്ഥാനാര്‍ത്ഥിയാകുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയത് മുരളീധരന്റെ ഇടപെടല്‍ കൊണ്ടല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുമ്മനം. സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കുന്ന സമയത്ത് മുരളീധരന് വിദേശത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം മുരളീധരന് തന്റെ അടുത്ത സുഹൃത്താണെന്നും, പേര് വെട്ടി എന്ന് പറയുന്നവര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരാണെന്നും അവര്‍ നിരാശരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേന്ദ്ര നേതൃത്വത്തിന് നല്‍കിയത് മൂന്ന് പേരുടെ പട്ടികയാണ്. അതില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സീറ്റും സ്ഥാനവും ലഭിച്ചില്ലെങ്കിലും പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്ക്കും’- കുമ്മനം പറഞ്ഞു.
