ഉള്ളിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍: നാഫെഡ് സവാള ശേഖരിക്കും, സപ്ലൈകോ 45രൂപക്ക് വില്‍ക്കും

തിരുവനന്തപുരം: ഉള്ളിവിലയുടെ വര്‍ധനവ് രാജ്യത്തുടനീളം കനത്ത പ്രതിഷേധം വരുത്തിവച്ചതിന് പിന്നാലെ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നാഫെഡ് 40 ടണ്‍ സവാള നാസിക്കില്‍ നിന്ന് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. സപ്ലൈകോ വഴി കിലോക്ക് 45 രൂപക്ക് ഉള്ളി വില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉള്ളി കയറ്റുമതി കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി.

ഇതുസംബന്ധിച്ച്‌ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയായിരുന്നു നിരോധനം. എല്ലാ തരത്തിലുമുള്ള ഉള്ളിയും കയറ്റുമതി ചെയ്യുന്നതിനും നിരോധനമുണ്ട്. ഇതിനൊപ്പം വ്യാപാരികള്‍ക്ക് ശേഖരിക്കാവുന്ന പരിധിയുടെ അളവും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. സവാളക്ക് മാത്രമല്ല ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിച്ച്‌ കയറുകയാണ്. രണ്ടാഴ്ചയ്ക്കിടയില്‍ തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്.

ഉള്ളി കയറ്റുമതിയുടെ ഭാഗമായി ചില്ലറ വ്യാപാരികള്‍ക്ക് 100 ക്വിന്റല്‍ വരെയും മൊത്ത വ്യാപാരികള്‍ക്ക് 500 ക്വിന്റല്‍വരെയും ശേഖരിച്ചുവയ്ക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കരിഞ്ചന്തവില്‍പന തടയുന്നതിനുള്ള നടപടികള്‍ അതതു സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ വില 80 ശതമാനത്തോളം വര്‍ധിച്ചിരുന്നു. നാലു വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് ഉള്ളിക്ക്. ഉത്തരേന്ത്യയില്‍ ഉള്ളി കിലോക്ക് ശരാശരി 70-80 രൂപയാണ് ഇപ്പോഴത്തെ വില. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ കനത്ത മഴ മൂലമുണ്ടായ വിളനാശമാണ് ഉള്ളിവില കുതിച്ചുയരാന്‍ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *