ജിദ്ദ: സൗദി ദേശീയ പുരാവസ്തു, സാംസ്കാരിക മേളയായ ‘ജനാദിരിയ’ 2020 നവംബറില്‍ നടത്താന്‍ സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചു. നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തില്‍നിന്ന് മേളയുടെ മേല്‍നോട്ടം കഴിഞ്ഞ ജൂലൈയിലാണ് സാംസ്കാരിക മന്ത്രാലയം ഏറ്റെടുത്തത്. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി മേള ഗംഭീരമാക്കാനുള്ള പരിപാടികള്‍ മന്ത്രാലയം ആരംഭിച്ചു. മേളയുടെ സാംസ്കാരിക ഉള്ളടക്കം വിപുലീകരിക്കാനും ദേശീയ പൈതൃകത്തിന്റെ ആഴം പ്രതിഫലിക്കുന്ന വൈവധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കാനുമാണ് മന്ത്രാലയം ആഗ്രഹിക്കുന്നതെന്ന് വക്താവ് അബ്ദുല്‍ കരീം അല്‍ഹുമൈദ് പറഞ്ഞു.
ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനാല്‍ സൗദി അറേബ്യയുടെ സംസ്കാരവും പൈതൃകവും വിവിധ രാജ്യങ്ങളില്‍നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക് എത്തിക്കാനുള്ള അവസരമായും മേളയെ കണക്കാക്കുന്നതായും അടുത്ത മേള കൂടുതല്‍ വിപുലമാക്കാനും പ്രവര്‍ത്തന കാലയളവ് നീട്ടുന്നതിനെക്കുറിച്ചും വിവിധ വകുപ്പുകളുമായി ആലോചിക്കുകയാണ്. രാജ്യത്തിനും പൊതുജനങ്ങളുടെ അഭിലാഷത്തിനും അനുയോജ്യമായ നിലയിലായിരിക്കും മേള രൂപപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും മാസങ്ങള്‍ ഇതു തുടരും. മേളയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അധികാരികളില്‍നിന്ന് സാംസ്കാരിക മന്ത്രാലയത്തിലേക്ക് കൈമാറുന്ന പ്രക്രിയ സുഗമമായി നടക്കുന്നുണ്ട്. 2020 നവംബറില്‍ മേളക്ക് മുമ്ബായി ഇതു പൂര്‍ത്തിയാകും. 1985 മുതല്‍ സൗദി നാഷനല്‍ ഗാര്‍ഡ് മന്ത്രാലയമാണ് ജനാദിരിയ മേള സംഘടിപ്പിച്ചുവരുന്നത്.
