തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് കെ.എസ്.ആര്.ടി.സി അധികൃതരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പകരം സര്‍വീസ് ഏര്‍പ്പെടുത്താന്‍ കഴിയാതെ വന്നതോടെ ഇന്ന് കൂടുതല്‍ സര്‍വ്വീസുകളെ ബാധിക്കുമെന്നാണ് സൂചന.
വ്യാഴാഴ്ച 800 ഓളം സര്‍വീസുകളാണ് മുടങ്ങിയത്. കോടതിയലക്ഷ്യ നടപടിയുടെ പേരില്‍ 2320 ഡ്രൈവര്‍മാരെയാണ് പിരിച്ചുവിട്ടത്. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നയപരമായ തീരുമാനങ്ങള്‍ക്ക് സാധ്യതയില്ല.
എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ച് വഴി കരാര്‍ വ്യവസ്ഥയില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനമുണ്ടായാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസമെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്.
ഇന്ന് 1200ലധികം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് സൂചന. വരുമാനം കുറവുള്ള ഓര്‍ഡിനറി ബസുകള്‍ റദ്ദാക്കി പരമാവധി ദീര്‍ഘദൂരബസുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്.
