കോന്നി മെഡിക്കല്‍ കോളേജ്; അവകാശവാദം ഉന്നയിച്ച്‌ യു.ഡി.എഫും എല്‍.ഡി.എഫും

പത്തനംതിട്ട: കോന്നിയില്‍ മുഖ്യപ്രചാരണ വിഷയം മെഡിക്കല്‍ കോളജാണ്. ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട മെഡിക്കല്‍ കോളജിന് യു.ഡി.എഫും എല്‍.ഡി.എഫും ഒരു പോലെ അവകാശവാദം ഉന്നയിക്കുകയാണ്. എന്നാല്‍ മെഡിക്കല്‍ കോളജ് ആകട്ടെ ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടുമില്ല.

2013 ജനുവരി 25ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് കോന്നി മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 85 ശതമാനം പണി പൂര്‍ത്തിയായതാണെന്നും ഈ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിര്‍മ്മാണം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉയര്‍ത്തി വൈകിപ്പിച്ചെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്നും ഈ വര്‍ഷം ഡിസംബറോടെ മെഡിക്കല്‍ കോളജിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.

ഹിന്ദുസ്ഥാന്‍ ലാറ്റക്സാണ് കോളജിന്റെ നിര്‍മ്മാണ ചുമതല നിര്‍വഹിക്കുന്നത്. ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 167 കോടി രൂപ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 341 കോടി ഈ സര്‍ക്കാരും അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *