തിരുവനന്തപുരം: തന്നെ രാജ്യ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യുവാനുള്ള തീരുമാനം രാഷ്ട്രീയപരമല്ലെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാഷ്ട്രപതി അംഗീകരിച്ചു. അതല്ലാതെ അതില്‍ രാഷ്ട്രീയമില്ല. 25 വര്‍ഷത്തിനപ്പുറത്തേക്ക് കേരളത്തെ എത്തിക്കാനുള്ള വികസന പ്രയ്തനമാണ് തന്റെ ലക്ഷ്യം. തിരുവനന്തപുരത്ത് ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാംഗം എന്ന നിലയില്‍ ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനത്തിനായിരിക്കും മുന്‍തൂക്കം. വറ്റി വരളുന്ന നദികളും കുളങ്ങളുമടങ്ങുന്ന ജലസ്രോതസുകളെ വീണ്ടെടുക്കും. അത് തിരുവനന്തപുരം തുടങ്ങി എല്ലായിടത്തേക്കും വ്യാപിപ്പിക്കും. 25 വര്‍ഷമായി താന്‍ പൊതുരംഗത്തുണ്ട്. സൈലന്റ് വാലി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തയക്കാനും സമരം ചെയ്യാനുമൊക്കെ താനുമുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തുടര്‍ന്നും സജീവമാകും. രാഷ്ട്രീയമല്ല രാഷ്ട്രം തന്നെയാണ് പ്രധാനം. അതില്‍ പിന്നോട്ടില്ല. സുരേഷ്‌ഗോപിയെ രാജ്യസഭാംഗമാക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന 12 അംഗങ്ങളില്‍ കലാകാരന്മാരുടെ വിഭാഗത്തിലാണ് സുരേഷ്‌ഗോപിയുടെ പേര്.
