കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ പൊലീസ് കൂടുതല്‍പേരെ ചോദ്യംചെയ്യും. സിദ്ദിഖിനെ ചോദ്യം ചെയ്‌തതിന് തുടര്‍ച്ചയായാണ് തീരുമാനം. ഭൂമിതട്ടിപ്പും വ്യാജഒസ്യത്തുമായി ബന്ധപ്പെട്ട് പരാതിക്കിടയായ ട്രസ്‌റ്റിലെ ചിലരെ അടുത്ത ദിവസം ചോദ്യംചെയ്യുമെന്ന് താമരശേരി ഡിവൈഎസ്‌പി കെ പി അബ്ദുള്‍ റസാഖ് പറഞ്ഞു. ഫിലോമെന്‍ അബ്രഹാമടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ് തീരുമാനം.
തിരുവനന്തപുരത്തെ പൊതുപ്രവര്‍ത്തകന്‍ എ എച്ച് ഹാഫിസ് നല്‍കിയ പരാതിയിലാണ് അന്വേഷണം. റിട്ട. ജുഡീഷ്യല്‍ മജിസ്ട്രേട്ട് ലിങ്കണ്‍ എബ്രഹാമിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വലിയ ഭൂമിതട്ടിപ്പ് പിന്നിലുണ്ടെന്നുമായിരുന്നു പരാതി. പരാതിക്കാരനില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പിന്നീട് സിദ്ദിഖിനെ ചോദ്യംചെയ്‌തു.
ലിങ്കണ്‍ എബ്രഹാമിന്റെ പതിമൂന്നര ഏക്കറിലധികം വരുന്ന ഭൂമി തട്ടിയെടുക്കാന്‍, സഹോദരന്‍ ഫിലോമെന്‍ എബ്രഹാമിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്നാണ് സിദ്ദിഖടക്കം മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പരാതി. ഇതിന് ഇവര്‍ക്ക് പ്രതിഫലമായി ഒരേക്കര്‍ ഭൂമി ലഭിച്ചു. 2015 സെപ്‌തംബര്‍ 22ന് താമരശേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തുനല്‍കി. ദേശീയപാതയില്‍ താമരശേരി ചുങ്കത്തിനടുത്തായി കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് സ്വന്തമാക്കിയത്.
ഫിലോമെന്റെ ഉറ്റ ബന്ധുവുമായുള്ള സൗഹൃദത്തിന്റെ മറവിലാണ് സിദ്ദിഖ് ഇതിലിടപെട്ടത്.
വാര്‍ത്ത നല്‍കിയതിന് വധഭീഷണി
ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയയാള്‍ക്ക് വധഭീഷണി. കെ എം എബ്രഹാം മെമ്മോറിയല്‍ ട്രസ്റ്റിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്ത് നിര്‍മിച്ച് കൈക്കലാക്കിയതിന് സാക്ഷിയായ അമ്ബായത്തോട് സ്വദേശി ദേവസ്യക്കാണ് ഭീഷണി.
റിട്ട. മജിസ്‌ട്രേറ്റ് ലിങ്കന്‍ എബ്രഹാം അബോധാവസ്ഥയില്‍ ആയിരുന്നപ്പോള്‍ താനാണ് രേഖകളില്‍ വിരലടയാളം പതിപ്പിച്ചതെന്നും അദ്ദേഹത്തിന് നിരന്തരം ഉറക്കഗുളിക നല്‍കിയിരുന്നെന്നും ദേവസ്യ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അമ്ബായത്തോട് സ്വദേശിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവും ചുങ്കത്തെ മറ്റൊരു പ്രവര്‍ത്തകനും ചേര്‍ന്നാണ് ദേവസ്യയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയത്. പണം നല്‍കി പറയിച്ചതാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ ആവശ്യപ്പെട്ടെന്നും ദേവസ്യ പറഞ്ഞു. ഭീഷണിയെക്കുറിച്ച് താമരശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
