കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം, മണ്ഡലങ്ങളില്‍ മല്‍സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കേരളത്തിലെ മതേതര വോട്ടര്‍മാര്‍ക്ക് കൈപ്പിഴ സംഭവിക്കരുത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ കോളിളക്കം കൊണ്ട് എല്‍ഡിഎഫിന് വോട്ടുകൂടില്ല. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കടുത്ത മല്‍സരമാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രം ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണ് . ബിജെപി സാന്നിധ്യമില്ലാത്ത കേരള നിയമസഭയാണു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെയും യുഡി എഫിന്റെയും പ്രഥമ ലക്ഷ്യമെന്നും ആന്റണി നേരത്തെ പറഞ്ഞിരുന്നു. മതനിരപേക്ഷതയും സമുദായ സൗഹാര്‍ദ്ദവും കേരളത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. ഇതു കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണം. ബിജെപി – ബിഡിജെഎസ് കൂട്ടുകെട്ട് രണ്ടു പേര്‍ക്കും നഷ്ട കച്ചവടമാകും. ജാതിയുംമതവും ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുദേവദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ ആര്‍എസ്എസിനു വോട്ട് ചെയ്യില്ലെന്നും ആന്റണി അഭിപ്രയപ്പെട്ടു.
