ടെഹ്‌റാന്‍: കോവിഡ് രോഗം വരാതിരിക്കാന്‍ മദ്യം കഴിക്കുന്നത് നല്ലതാണെന്ന് തെറ്റിദ്ധരിച്ച് ഇറാനില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. ഫെബ്രുവരി 20 നും ഏപ്രില്‍ എഴിനും ഇടയിലുള്ള കണക്കുകള്‍ പ്രകാരം 728 പേരാണ് മാരകമായ മെഥനോള്‍ അടങ്ങിയ വ്യാജമദ്യം കഴിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. ഇവരില്‍ ഇരുനൂറ് പേര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പു തന്നെ മരിച്ചതായി ഇറാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഹുസൈന്‍ ഹുസാനിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആള്‍ക്കഹോള്‍ നല്ലതാണെന്ന തെറ്റിദ്ധാരണ നേരത്തെ തന്നെ ഇറാനില്‍ വ്യാപകമായിരുന്നു. ഇതിനകം 5011 പേര്‍ മദ്യം കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുമുണ്ട്.
മിഡില്‍ ഈസ്റ്റില്‍ കോവിഡ് ബാധ വ്യാപകമായ ഇറാനില്‍ ആറായിരത്തോളം പേര്‍ മരിച്ചു. ഒരു ലക്ഷത്തോളം പേര്‍ രോഗവാഹകരുമാണ്.
