കൊവിഡ്: പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യുഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ മൂന്നു മണിക്കാണ് കൂടിക്കാഴ്ച. ലോക്ഡൗണ്‍ മൂന്നാംഘട്ടം ഈ മാസം 17ന് അവസാനിക്കാനിരിക്കേയാണ് കൂടിക്കാഴ്ച. കൊവിഡ് കാലത്ത് മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്.

ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഡി.ജി.പി എന്നിവരോടും യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച രാവിലെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും ആരോഗ്യ സെക്രട്ടറിമാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങളില്‍ ചില സംസ്ഥാനങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് സൂചന. കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങിയെത്തുന്നതോടെ നിരവധി ജില്ലകള്‍ റെഡ് സോണ്‍ ആയി മാറുമെന്ന ആശങ്കയാണ് സംസ്ഥാനങ്ങള്‍ക്കുള്ളത്.

അതിനിടെ, കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഡല്‍ഹി മന്ദോലി മേഖലയില്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. രാജ്യത്ത് 4,362 കൊവിഡ് കേന്ദ്രങ്ങളുണ്ടെന്നും ഇവിടെ 3,46,856 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് ഇതുവരെ 62,939 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,109 പേര്‍ മരണപ്പെട്ടു. 41,472 പേര്‍ ചികിത്സയിലുണ്ട്. 19,357 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 1511 പേരാണ് രോഗമുക്തരായത്. കൊവിഡില്‍ നിന്നും സുഖം പ്രാപിക്കുന്നവരുടെ നിരക്ക് 30.76% ആണ്.

Leave a Reply

Your email address will not be published. Required fields are marked *