ടെഹ്രാന്‍: കൊവിഡ് ഭേദമായി എന്ന് കരുതി ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയ ഇറാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ വീണ്ടും രോഗം വ്യാപിക്കുന്നു. വൈറസ് പൂര്‍ണമായി വിട്ടുപോകുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊവിഡ് വിട്ടുപോയെന്ന് വ്യക്തമായതോടെ ഇറാനിലെ പലസ്ഥലങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇവിടെയെല്ലാം വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
ശനിയാഴ്ച മാത്രം 1500 പുതിയ കേസുകളാണ് ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖുസെസ്താനില്‍ രോഗം പടരുകയാണ്. ഖുസെസ്താന്‍ പ്രവിശ്യ ചുവപ്പ് ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീണ്ടും രോഗം പടരാനുണ്ടായ സാഹചര്യം പരിശോധിക്കുകയാണ് സര്‍ക്കാര്‍. എന്ത് ചെയ്യണമെന്നറിയാതെ അധികൃതര്‍ വിഷമിക്കുകയാണ്. ഇറാനിലെ മറ്റു മേഖലകളില്‍ രോഗം കുറഞ്ഞിട്ടുണ്ട്.രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ചൈനയുമായി വ്യാപാര ഇടപാടുള്ള വ്യക്തികളിലായിരുന്നു രോഗം സ്ഥിരീകരിച്ചത്.
