പാലക്കാട്: കെ എം മാണി ബി ജെ പിയോടൊപ്പം പോയാല്‍ അത് ധൃതരാഷ്ട്രാലിംഗനം പോലെയാവുമെന്നും അവസാനം പാര്‍ട്ടിയില്‍ മാണിയും മകനും മാത്രമാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി പി എം ജില്ലാ കമ്മിറ്റിയുടെ ബംഗാള്‍ ഐക്യദാര്‍ഢ്യം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണിയെ ഇടതുമുന്നണിയിലെടുക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ല. ഇടതുപക്ഷവുമായി സഹകരിക്കുന്ന മറ്റ് പാര്‍ട്ടികള്‍ ഇപ്പോഴും മുന്നണിക്ക് പുറത്തുണ്ട്. അവരെ മുന്നണിയിലെടുക്കുന്ന കാര്യം പോലും ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. എല്‍ ഡി എഫിന്റെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അല്ലാതെ കക്ഷികളെ മുന്നണിയിലെടുത്തുള്ള വിപുലീകരണമല്ല. ബാര്‍ കോഴകേസില്‍ ബിജിലന്സ് അന്വേഷണം അതിന്റെ വഴിക്ക് നീങ്ങുമെന്നും കോടിയേരി പറഞ്ഞു.
