വാഷിങ്ടണ്‍: ചൈനീസ് ഉടമസ്ഥതയിലുള്ള ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പ് ടിക്-ടോക് യു.എസില്‍ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയുമായുള്ള നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ടിക്-ടോക് നിരോധിക്കാന്‍ യു.എസ് ഒരുങ്ങുന്നത്. നേരത്തെ, ടിക്-ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.
ഉടന്‍ തന്നെ ടിക്-ടോക് നിരോധിച്ച് ഉത്തരവിറക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധന നീക്കമെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം, ട്രംപും മൈക്രോസോഫ്റ്റും തമ്മിലുള്ള പടലപ്പിണക്കത്തിന്റെ ഭാഗമായാണ് ടിക്-ടോക് നിരോധന നീക്കമെന്ന് ആരോപണമുണ്ട്. ചൈനീസ് കമ്ബനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്-ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനമേര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരിക്കുന്നത്.
ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ആപ്പുകളിലൊന്നാണ് ടിക്-ടോക്. 200 കോടിയിലേറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ടിക്-ടോക്കിന് 16.5 കോടിയോളം ഉപഭോക്താക്കളാണ് യു.എസില്‍ ഉള്ളത്.
