മലപ്പുറം: കരിപ്പൂര്‍ ദുരന്തത്തിന്റെ നൊമ്പരങ്ങള്‍ നീങ്ങിയിട്ടില്ലാത്ത ഈ സമയത്ത് ദുരന്ത കാരണങ്ങളെ കുറിച്ച് യുക്തി രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും വിമാനതാവളത്തിന്റെ നില നില്പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ചില ഭാഗങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും മുസ്്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ടേബിള്‍ ടോപ്പ്റണ്വേ ആയതു കൊണ്ടാണ് അപകടമുണ്ടായത് എന്ന ആരോപണം വിദഗ്ദര്‍ തന്നെ തള്ളിക്കളഞ്ഞതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയില്‍ തന്നെയും ടേബിള്‍ടോപ്പ് റണ്‍വേ വിമാനതാവളങ്ങള്‍ വേറേയും ഉണ്ടെന്നിരിക്കെ കരിപ്പൂര്‍ വിമാനതാവളത്തിന്നെതിരെ മാത്രം നടക്കുന്ന അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ഉദ്ദേശം സംശയാസ്പദമാണ് .
കഴിഞ്ഞ വര്‍ഷത്തെ പ്രളയ കാലത്ത് കാലവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ യാത്രാ അസൗകര്യങള് ഉണ്ടായ ഘട്ടത്തില്‍ അവിടെ ഇറങ്ങേണ്ട വിമാനങ്ങള്‍ അതേ കാലാവസ്ഥയില്‍ കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ഇറങ്ങുകയും പറന്നുയരുകയും ചെയ്തിരുന്നു.
മുന്നു പതിയാണ്ട് പ്രായമുളള കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഈ കാലയളവില്‍ അപകടങ്ങള്‍ ഉണ്ടായിട്ടില്ല.
നിലവില്‍ വിമാന താവളത്തിന് അക്വയര്‍ ചെയ്ത ഭൂമിയില്‍ തന്നെ സാധ്യമായ രീതിയില്‍ റണ്‍വെ വികസനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. തദ്ദേശവാസികളെ വിശ്വാസത്തിലെടുത്ത് ജന പ്രതിനിധികളെയും ഉള്‍പ്പെടുത്തി പുതിയ വികസന പാക്കേജുകള്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
കാലവര്‍ഷം ശക്തി പ്രാപിക്കുകയും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സമയത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ പ്രതികൂല കാലാവസ്ഥയില്‍ ഉണ്ടായ ദുരന്തത്തിന്റെ കാരണങ്ങള്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്പിക്കുന്നതിനു മുമ്പ് എയര്‍പോര്‍ട്ടിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ നീതീകരിക്കാവുന്നതല്ല എന്നും തങ്ങള്‍ വ്യക്തമാക്കി.
അപകട സമയത്ത് ഓടിയെത്തി മഴയേയും മഹാമാരിയേയും വകവെക്കാതെ രക്ഷാപ്രവര്ത്തനത്തിനിങ്ങിയ പരിസരവാസികളെ തങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു.
ആരോഗ്യ വകുപ്പിന്റെ നിര്േദ്ദശ പ്രകാരം ക്വാറന്റൈനിലിരിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് ടെസ്റ്റിനും ആവശ്യമെങ്കില്‍ പ്രത്യേക ചികിത്സക്കും സംവിധാനങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും തങ്ങള്‍ പറഞ്ഞു.
