തൃശൂര്‍:തൃശൂരിലെ പ്രമുഖ ആശുപത്രിയായ അമല ആശുപത്രിയില്‍ കോവിഡ് പോസിറ്റീവ് കേസ് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നു. അമലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അമല ആശുപത്രിയില്‍ ജനറല്‍ ഒ.പി ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. ക്യാന്‍സര്‍ വിഭാഗം മാത്രം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാം. ഇവിടെയും വളരെ അത്യാവശ്യമായി വരുന്ന രോഗികള്‍ക്ക് മാത്രമാണ് ചികില്‍സ നല്‍കേണ്ടത്. ഡിഎംഒയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തി.
ആശുപത്രിയിലെ ക്ലീനിംഗ് ജോലിക്കാരില്‍ ചിലര്‍ നേരത്തെ ക്വാറന്റൈനിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ വന്നുപോയവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു വരികയാണ്. അവരെക്കൂടി ഉള്‍പ്പെടുത്തി ആന്റിജന്‍ ടെസ്റ്റ് നടത്തി രോഗവ്യാപനം നടന്നിട്ടുണ്ടോയെന്ന കാര്യം തിട്ടപ്പെടുത്തുവാന്‍ ഡി.എം.ഒക്ക് നിര്‍ദ്ദേശം നല്‍കിയതായി കലക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു.
ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗലക്ഷണങ്ങളോടെ വരുന്നവര്‍ക്കായി ഒ.പി, ഐ.പി വിഭാഗങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. കോവിഡ് വാര്‍ഡുകളില്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ശുചീകരണ ജീവനക്കാര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമേ കോവിഡ് രോഗികളുടെ അടുത്ത് പോകാവൂ. ഈ പ്രത്യേക സംഘം ആശുപത്രിയുടെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കുവാനോ മറ്റ് രോഗികളുമായി ഇടപഴകാനോ പാടില്ല.
ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തണം. ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങളും ഡ്രൈവര്‍മാരെയും കര്‍ശനമായി പരിശോധിക്കണം. ആശുപത്രികള്‍ക്ക് പുറമെ ആരോഗ്യ മേഖലയിലെ മറ്റ് സ്ഥാപനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്.
നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റുകളുമായി സംസാരിക്കുന്നതിനും ജീവനക്കാരെ ബോധവത്കരിക്കുന്നതിനും ഡി.എം.ഒയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചര്‍ച്ച നടത്തും. ആരോഗ്യ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനയുമുണ്ടാകും. പിഴവ് കണ്ടെത്തിയാല്‍ തിരുത്തുംവരെ വരെ സ്ഥാപനം അടച്ചിടേണ്ടി വരും. ജില്ലാ കലക്ടര്‍ അറിയിച്ചു.
