ചെന്നിത്തല പാണക്കാട് എത്തിയതിന് പിന്നില്‍

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ യു.ഡി.എഫിന്റെ കെട്ടുറപ്പു സംബന്ധിച്ച ആശങ്കകള്‍ പങ്കവെക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാണക്കാട് എത്തി ലീഗ് നേതാക്കളെ കണ്ടു. യു.ഡി.എഫിന് കെട്ടുറപ്പു കുറയുന്ന സാഹചര്യത്തിലാണ് മുന്നണിയെ ശക്തിപ്പെടുത്താന്‍ ചെന്നിത്തല മുസ്്‌ലിംലീഗിന്റെ സഹായം തേടിയത്. ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് എന്നിവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.
സ്വര്‍ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലാണെങ്കിലും സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന മികവ് ഇടതുമുന്നണിക്ക് അനുകൂലമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. യു.ഡി.എഫ് ഏറ്റവും ശക്തമായ നിലയിലാണെന്ന് ചെന്നിത്തല ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അനുകൂലമല്ലെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ നിന്നുള്ള ആശങ്കകള്‍. കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരാണ് ചെന്നിത്തലയെ ഏറെ ആശങ്കപ്പെടുത്തുന്നത്. കെ.പി.സി.സി. പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ എന്നിവര്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന പരാതി കോണ്‍ഗ്രസില്‍ ചെന്നിത്തലയെ പിന്തുണക്കുന്നവര്‍ക്കുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കും. യു.ഡി.എഫിന് മികവുപുലര്‍ത്താനായില്ലെങ്കില്‍ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലും ഏറെ വിയര്‍ക്കേണ്ടി വരും. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കും പഞ്ചായത്തുകളിലേക്ക് നടക്കാനിരിക്കുന്നത്. ഇത്തരം ഘടകങ്ങള്‍ ചെന്നിത്തലയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോകുന്നത് തടയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് മുസ്്‌ലിം ലീഗിന്റെ പിന്തുണ ആവശ്യമാണ്. ജോസിന് കൂടി അംഗീകരിക്കാവുന്ന ഒരു ഫോര്‍മുല മുന്നോട്ടു വെക്കാന്‍ കോണ്‍ഗ്രസ് ലീഗിനെ ചുമതലപ്പെടുത്താനും സാധ്യതയുണ്ട്.
സെപ്തംബര്‍ മൂന്നിന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ മുസ്്‌ലിം ലീഗ് എടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന സമീപനം യോഗത്തില്‍ മുസ്്‌ലിം ലീഗിന്റെ ഭാഗത്തു നിന്നു ഉറപ്പാക്കാന്‍ കൂടിയാണ് ചെന്നിത്തലയുടെ പാണക്കാട് സന്ദര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *