പെയ്തു തോര്‍ന്ന പെരുമഴക്കാലം

മലപ്പുറം-ചലചിത്ര പ്രേമികളുടെ മനസില്‍ ജീവിതഗന്ധിയായ ഒട്ടേറെ സിനിമകളുടെ പെരുമഴക്കാലമൊരുക്കി റസാഖ് നിത്യതയിലേക്ക് യാത്രയായി. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ അഭ്രപാളികളിലെത്തിച്ച് ജനകീയ സിനിമയെ ശക്തമാക്കിയ റസാഖിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് ഞെട്ടലായി. കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചയിലിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന റസാഖിന് സഹോദരന്‍ സ്വന്തം കരള്‍ പകുത്തു നല്‍കിയെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല. സിനിമലോകത്തെ സൗഹൃദ കൂട്ടായ്മയിലെ സഹായങ്ങള്‍ക്കും ടി.എ.റസാഖ് എന്ന അതുല്യ പ്രതിഭയുടെ ജീവന്‍ പിടിച്ചു നിര്‍ത്തായില്ല. സഹോദരന്‍ കോയമോന്‍ എന്ന കുഞ്ഞിക്കോയ റസാഖിന് മാറ്റിവെക്കാനായി കരള്‍ നല്‍കിയിരുന്നു. ഈ മാസം മൂന്നിന് ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നില വഷളാകുകയായിരുന്നു.
റസാഖിന്റെ ചികില്‍സക്കായി മോഹന്‍ലാല്‍,മമ്മൂട്ടി അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു.കോഴിക്കോട് മോഹന്‍ലാല്‍ പ്രോഗ്രാമില്‍ നിന്നും ഇതിനായി സഹായം നല്‍കാനുളള ഒരുക്കത്തിനിടയിലാണ് അദ്ദേഹത്തിന്റെ വിയോഗം.
മതമൈത്രിയുടെ ശക്തമായ സന്ദേശങ്ങളുള്‍ക്കൊണ്ട ഒട്ടേറെ സിനിമകളാണ് റസാഖ് മലയാളികള്‍ക്ക് സമ്മാനിച്ചത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും മികച്ച സിനിമകളായ വേഷവും,രാപ്പകലും,ബസ്‌കണ്ടക്ടറും,വിഷ്ണുലോകവും,നാടോടിയുമെല്ലാം റസാഖിന്റെ തൂലിക തുമ്പില്‍ നിന്ന് പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സിനിമകളാണ്.
മനുഷ്യ ജീവിതന്റെ ഉച്ഛനീചതങ്ങളുടെ വേഷപ്പകര്‍ച്ചളാണ് റസാഖ് വെള്ളിത്തിരയില്‍ വരച്ചിട്ടത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ നിന്ന് അസാധാരണമായ പ്രതിഭ കൊണ്ടും പ്രയത്‌നം കൊണ്ടും സിനിമാ ലോകത്തേക്ക് ഉയര്‍ന്നെങ്കിലും പിറന്ന നാടുമായും കുടംബ,സഹൃത്തുക്കളുമായും എന്നും ബന്ധം സ്ഥാപിച്ചിരുന്ന ടി്.എ റസാഖ് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തന മേഖലയിലും സജീവമായിരുന്നു.നാടക രംഗത്തും മിമിക്രി കലാകാരനായും വേദിയിലെത്തിയ റസാഖ് വര മാസികയും നടത്തിയിരുന്നു. എ.ടി.അബു സംവിധാനം ചെയ്ത പ്രേംനസീര്‍ അവസാനമായി അഭിനയിച്ച ധ്വനി എന്ന സിനിമയിലൂടെയാണ് ചലചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്തത്. പിന്നീട് ചലചിത്ര രചനയിലേക്ക് തിരിയുകയായിരുന്നു. ഭൂമിഗീതം,വിഷ്ണുലോകം,പെരുമഴക്കാലം,രാപ്പകല്‍,ഗസല്‍ തുടങ്ങിയ കമല്‍ സിനിമകളില്‍ റസാഖ് വരച്ച് കാണിച്ചത് മനുഷ്യന്റെ വ്യത്യസ്ഥ ഭാവപ്പകര്‍പ്പകളായിരുന്നു. പെരുമഴക്കാലം റസാഖിന് മികച്ച തിരക്കഥാ കൃത്തിനുളള സംസ്ഥാന അവാര്‍ഡും നേടി കൊടുത്തു.
എന്റെ ശ്രീക്കുട്ടിക്ക്,ചെറിയ ലോകവും വലിയ മനുഷ്യരും,വിഷ്ണുലോകം,ഭൂമിഗീതം,നാടോടി,ഗസല്‍,കാണാക്കിനാവ്,ചിത്രശലഭം,അഞ്ചിലൊരാള്‍ അര്‍ജുന്‍,ഉത്തമന്‍,വേഷം,രാപ്പകല്‍,പെരുമഴക്കാലം,പരുന്ത്,ആയിരത്തില്‍ ഒരുവന്‍ തുടങ്ങി മൂന്ന്് പതിറ്റാണ്ടിനിടെ 30 സിനിമകള്‍ക്ക് റസാക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.റജി പ്രഭാകര്‍ സംവിധാനം ചെയ്ത സുഖമായിരിക്കട്ടെ ആണ് ഒടുവിലത്തെ ചിത്രം.നടന്‍ സലീം കുമാര്‍ നിര്‍മ്മിച്ച മൂന്നാം നാള്‍ ഞായറാഴ്ച എന്ന സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്.
കാണാക്കിനാവ് എന്ന സിനിമക്ക് ദേശീയോദ്ഗ്രഥനത്തിനുളള നര്‍ഗീസ് ദത്ത് പുരസ്‌കാരവും,ഏറ്റവും മികച്ച തിരക്കഥക്കുളള അവാര്‍ഡുംം നേടിയിട്ടുണ്ട്.പെരുമഴക്കാലം എന്ന ചിത്രത്തിന് ഏറ്റവും മികച്ച തിരക്കഥക്കുളള അവാര്‍ഡും,ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന് ഏറ്റവും നല്ല കഥക്കുളള സംസ്ഥാന അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.മഹാകവി മോയീന്‍ കുട്ടിവൈദ്യര്‍ അക്കാഡമി അംഗമായിരുന്ന റസാഖ് കോഴിക്കോട്ടെ സൗഹൃദക്കൂട്ടായ്മയിലും അംഗമാണ്.
ആകാശം എന്ന ചിത്രത്തിന് തിരക്കഥയോടൊപ്പം ഗാനമെഴുതിയും റസാഖ് കഴിവ് തെളിയിച്ചിരുന്നു.ബസ്‌കണ്ടക്ടര്‍,കര്‍മ്മ തുടങ്ങിയ സിനിമകളിലും രഞ്ജിത് സംവിധാനം ചെയ്ത പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ ഗായകന്റെ വേഷവും ചെയ്തിട്ടുണ്ട്.റസാഖിനെ പിറകെ ഇളയ സഹോദരന്‍ ടി.എ ഷാഹിദും ചലചിത്ര ലോകത്ത് നിറസാന്നിധ്യമറിയിച്ചിരുന്നെങ്കിലും മൂന്ന് വര്‍ഷം മുമ്പ് മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *