അതിര്‍ത്തി കടന്നുള്ള ഭീകരത മാത്രം ചര്‍ച്ച

ന്യൂഡല്‍ഹി: ‘അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തെപ്പറ്റിയാണ് ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച ചെയ്യേണ്ടത്. കാഷ്മീര്‍ കാര്യം പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല’. കാഷ്മീര്‍ കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ, പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയ്ക്കു ക്ഷണിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി അതായിരുന്നു. ചര്‍ച്ചയ്ക്കു തയാറാണെന്നു ലോകരാജ്യങ്ങളെ ധരിപ്പിക്കാനും കാഷ്മീര്‍ ഉഭയകക്ഷി വിഷയമാക്കാനുമുള്ള പാക് ശ്രമത്തിനു തിരിച്ചടി നല്കി ഇന്ത്യ ക്ഷണം നിരസിച്ചു. പാക്കിസ്ഥാനു കാഷ്മീര്‍ വിഷയത്തില്‍ യാതൊരു സ്ഥാനവുമില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. പാക് വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരിയുടെ ക്ഷണത്തിനു വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് മറുപടി നല്കിയത്. ഇസ്‌ലാമാബാദ് സന്ദര്‍ശിക്കാന്‍ സമ്മതമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെയും നുഴഞ്ഞുകയറ്റത്തെയും കുറിച്ചു ചര്‍ച്ച ആവാമെന്നും ജയശങ്കര്‍ പറഞ്ഞു. ജമ്മു കാഷ്മീരിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്- ജയശങ്കര്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബ്വാലെ മുഖേനയാണു വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയ്ക്കുള്ള ക്ഷണം ഇന്ത്യക്കു കൈമാറിയത്. ഇരു രാജ്യത്തെയും നേതാക്കള്‍ രണ്ടാഴ്ചയായി തുടരുന്ന വാക്‌പോരിനിടെയാണു വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്കായി ഇന്ത്യയെ പാക്കിസ്ഥാന്‍ ക്ഷണിച്ചത്.
സമകാലികപ്രസക്തിയുള്ള വിഷയങ്ങളില്‍മാത്രം ചര്‍ച്ചയാവാമെന്നു പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ ക്ഷണത്തിനു മറുപടിയായി കഴിഞ്ഞയാഴ്ച ഇന്ത്യ പ്രതികരിച്ചിരുന്നു.
ഇന്ത്യ-പാക് ബന്ധത്തെ ബാധിക്കുന്ന സമകാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അതിര്‍ത്തികടന്നുള്ള ഭീകരാവാദത്തിനും അതിര്‍ത്തിയിലെ വെടിവയ്പിനും പാക്കിസ്ഥാന്‍ ചെയ്യുന്ന സഹായങ്ങള്‍ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കാഷ്മീരിലെ ബുര്‍ഹന്‍ വാനി വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു സ്വരൂപിന്റെ വിമര്‍ശനം. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹന്‍ വാനിയുടെ കൊലപാതകത്തിനു ശേഷമാണ് ഇന്ത്യ-പാക് വാക്‌പോര് മൂര്‍ച്ഛിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *