തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകള്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ് കത്തിച്ചതെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന ഫോറന്‍സിക്ക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ബി.ജെ.പി അന്ന് പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിയാണ് സത്യം തുറന്നുപറയേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പോസിറ്റീവെന്ന് പറഞ്ഞ സ്ഥലത്താണ് അസാധാരണമായ നിലയില്‍ രണ്ട് ഉദ്യോഗസ്ഥരെ കണ്ടത്. സംഭവം നടന്നയുടന്‍ അവര്‍ മാദ്ധ്യമങ്ങളോട് സംസാരിച്ചു. അവര്‍ എങ്ങനെ അവിടെയെത്തി എന്നതടക്കം നിരവധി കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
ജീവനക്കാരില്‍ നിന്ന് വ്യക്തമായ തെളിവെടുക്കാന്‍ അന്വേഷണ സമിതി തയ്യാറായില്ല. ഫോറന്‍സിക് ഫലം വന്നതോടെ നേരത്തെ സര്‍ക്കാര്‍ പറഞ്ഞതൊക്കെ കളളമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഫയലുകള്‍ അല്ലാതെ അവിടെ മറ്റൊരു ഉപകരണത്തിനും തീപിടിച്ചിട്ടില്ല. ഫയലുകള്‍ മാത്രം എങ്ങനെയാണ് കത്തിയതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
