ഡല്‍ഹി: മധ്യപ്രദേശിനെ പിന്നാലെ ലവ് ജിഹാദിനെതിരെ ശക്തമായ നിയമവുമായി ഉത്തര്‍പ്രദേശും. ഇതുസംബന്ധിച്ച ശിപാര്‍ശ ആഭ്യന്തര വകുപ്പ് നിയമവകുപ്പിന് കൈമാറിയെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.’ലവ് ജിഹാദിനെതിരെ’ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തര്‍പ്രദേശിലും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സമാനമായ നടപടി പ്രഖ്യാപിച്ചത്.
ലവ് ജിഹാദിന്റെ കേസുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. അഭിപ്രായം തേടി നിയമ വകുപ്പിന് ഇതിനകം തന്നെ നിര്‍ദ്ദേശം അയച്ചിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ലവ് ജിഹാദിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ലവ് ജിഹാദിന്റെ വര്‍ദ്ധിച്ചുവരുന്ന സംഭവങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ ധര്‍മ്മ സ്വതന്ത്രിയ (മത സ്വാതന്ത്ര്യ) ബില്‍ 2020 അവതരിപ്പിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ അറിയിച്ചു. വഞ്ചനയിലൂടെ ഒരാളെ വശീകരിക്കുന്നതിനും മതപരിവര്‍ത്തനം വഴി വിവാഹം നിര്‍ബന്ധിക്കുന്നതിനും അഞ്ച് വര്‍ഷത്തേക്ക് കര്‍ശന തടവ് ശിക്ഷയ്ക്ക് നിര്‍ദ്ദിഷ്ട ബില്ലില്‍ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പറഞ്ഞു. അത്തരം കുറ്റം ജാമ്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹരിയാനയില്‍, ഈ നടപടിക്കെതിരെ കര്‍ശനമായ നിയമം തയ്യാറാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഒരാളെ സമ്മര്‍ദ്ദം ചെലുത്തുകയോ പ്രലോഭിപ്പിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചനയില്‍ ഏര്‍പ്പെടുകയോ പ്രണയത്തിന്റെ പേരില്‍ അങ്ങനെ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു.
