അന്താരാഷ്ട്ര വിമാനത്താവളം: അപ്പീല്‍ സാധ്യത തേടുകയാണെന്ന് കടകംപള്ളി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ അപ്പീല്‍ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയുണ്ടായി. കേസില്‍ നിയമ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിയമനടപടികള്‍ ആലോചിച്ചുവരുകയാണ്. നാട്ടിലെ ചില മുതലാളികള്‍ക്ക് മാത്രമേ വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ അസ്വസ്ഥത ഉണ്ടാകൂ എന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിട്ട് ഒരു മാസത്തോളമായിരിക്കുകയാണ്. വിമനാത്താവളം അദാനിക്ക് വിട്ടു നല്‍കുന്നതിനെതിരെ തുടക്കം മുതല്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കാത്തത്, നിയമപാതയില്‍ സര്‍ക്കാരിന് അനുകൂലമായി വിധി വരില്ലെന്ന നിയമോപദേശത്തിന്റെ കൂടി സാഹചര്യത്തിലാണെന്ന് നേരത്തെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്ഥാനസ‍ര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതടക്കം സര്‍ക്കാര്‍ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയുണ്ടായില്ല. ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമര്‍ശിച്ചത്. സുപ്രീം കോടതിയില്‍ പോയാലും ഇതായിരിക്കും സ്ഥിതിയെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. സര്‍ക്കാരിന്റെ നീക്കം അറിഞ്ഞിട്ട് അപ്പീലിനെക്കുറിച്ച്‌ ആലോചിക്കാനാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള വിമാനത്താവള ആക്ഷന്‍ കൗണ്‍ലിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമാനത്താവള സ്വകാര്യവത്ക്കരണം സിപിഎമ്മും ബിജെപിയും പ്രധാന രാഷ്ട്രീയ വിഷയമാക്കുമ്ബോഴാണ് സര്‍ക്കാര്‍ നിയമപോരാട്ടത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *