തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 12നാണ് പണിമുടക്ക് ആരംഭിച്ചത്. കടകമ്ബോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. സ്വകാര്യ-കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളില്ല.പത്ത് ദേശീയ സംഘടനകള്‍ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങള്‍ പണിമുടക്കില്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. എല്ലാവരും സഹകരിക്കണമെന്നും ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു.
ഐന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സിഐടിയു, ഓള് ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന് സെന്റര്‍, ട്രേഡ് യൂണിയന് കോര്‍ഡിനേഷന്‍ സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വിമിന്‍സ് അസോസിയേഷന്, ഓള് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി, ബിഎസ്എന്‍എല്‍, ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.പാല്, പത്രം, ഇലക്ഷന് ഓഫീസുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.പണിമുടക്ക് ഇന്ന് രാത്രി 12-ന് അവസാനിക്കും.
