വടക്കാഞ്ചേരി ഭവന നിര്‍മാണ പദ്ധതിയില്‍ കുരുക്ക് മുറുക്കി സിബിഐ

കൊച്ചി: വടക്കാഞ്ചേരി ഭവന നിര്‍മാണ പദ്ധതിയില്‍ നിന്ന് ലൈഫ് മിഷനെ ഒഴിവാക്കി യൂണിടാക്കുമായി ധാരണാപത്രം ഒപ്പിട്ടത് കമ്മീഷന്‍ തട്ടാനാണെന്ന് സിബിഐ. ലൈഫ് മിഷനുമായി കരാര്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ നടപടിക്രമം അനുസരിച്ച്‌ പദ്ധതി നടത്തിപ്പിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കണമായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി.

ക്രമക്കേടില്‍ ലൈഫ് മിഷനെതിരെ അന്വേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. കോഴ ഇടപാടിലെ ഗുഢാലോചനയില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവു ലഭിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടേയും സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടേയും പങ്കാളിത്തം അന്വേഷിക്കേണ്ടതുണ്ടെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും സിബിഐ കോടതിയെ അറിയിച്ചു.

പദ്ധതി നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന സര്‍ക്കാര്‍ ഏജന്‍സി ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാക്കിന് നല്‍കിയതില്‍ ഗൂഢാലോചനയുണ്ട്. ലൈഫ് മിഷന്‍ വിദേശ സംഭാവനാ നിയന്ത്രണ ചട്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദം ശരിയല്ലെന്നും സെക്ഷന്‍ 35(3) ന്റെ പരിധിയില്‍ വരില്ലെന്ന വാദം കണക്കിലെടുത്താലും സെക്ഷന്‍ 35 (11)ന്റെ പരിധിയില്‍ വരുമെന്നും സിബിഐ വ്യക്തമാക്കി.

റെഡ്‌ ക്രസന്റ് വിദേശ സംഘടനയാണ്. നിയമപ്രകാരം സംഭാവന സ്വീകരിക്കുന്നതിന് വിലക്കുണ്ട്. നേരിട്ടോ, മറ്റ് ചിലര്‍ വഴിയോ പണം സ്വീകരിക്കുന്നത് കുറ്റകരമാണ്. ലൈഫ് മിഷന്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന സര്‍ക്കാരിന്റെ സാമൂഹിക പദ്ധതിയാണെന്നും സെക്ഷന്‍ 35(11) പ്രകാരം കേന്ദ്രാനുമതിയില്ലാതെ സാമുഹീകമോ, സാംസ്‌കാരികമോ, വിദ്യാഭ്യസ പരമോ, മതപരമോ ആയ ആവശ്യങ്ങള്‍ക്ക് വിദേശ പണം സ്വീകരിക്കുന്നതിന് വിലക്കുണ്ട്. അന്വേഷണം പുരോഗമിക്കുയാണ്. കമ്മീഷന്‍ പണം ആര്‍ക്കൊക്കെ കിട്ടിയെന്നതിന് പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

സ്വപ്‌ന അടക്കമുള്ളവരുടെ വാട്‌സാപ്പ് ചാറ്റുകളും ഇ-മെയിലുകളും പരിശോധിക്കണമെന്നും വിലക്ക് അന്വേഷണത്തിന് തടസമാണെന്നും സിബിഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *