മഞ്ചേരി- പുല്ലഞ്ചേരിയില്‍ നാടന്‍ തോക്കുമായി നായാട്ടിനിറങ്ങിയ മൂന്നംഗസംഘത്തെ പൊലീസ് പിടികൂടി. ബസ് തൊഴിലായായ പന്തല്ലൂര്‍ കടമ്പോട് പനങ്കാവില്‍ അനില്‍കുമാര്‍ (40), സഹോദരനും ടാപ്പിംഗ് തൊഴിലാളിയുമായ ബാലകൃഷ്ണന്‍ എന്ന ഉണ്ണി (42), കാലിക്കച്ചവടക്കാരനായ പന്തല്ലൂര്‍ തെക്കുംപാട് മദാരി കരുവാത്തൊടി പാലക്കാടന്‍ മുഹമ്മദ് (60) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേരി സി ഐ സണ്ണി ചാക്കോ, അഡീഷണല്‍ എസ് ഐ വേലായുധന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മഞ്ചേരി പുല്ലഞ്ചേരി, ഒടുവങ്ങാട് വേട്ടേക്കോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നായാട്ടുസംഘം പിടിയിലായത്. നായാട്ടുസംഘത്തിലെ നാലാമന്‍ പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ബൈക്ക് നമ്പര്‍ ഉപയോഗിച്ച് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളില്‍ നിന്ന് ഓരോ തിര വീതം നിറയ്ക്കുന്ന ഒറ്റക്കുഴല്‍ നാടന്‍ തോക്ക്, കഠാരക്കത്തി, തിരകള്‍ എന്നിവയും പിടികൂടി. അഡീഷണല്‍ എസ് ഐ സി സുബ്രഹ്മണ്യന്‍, എ എസ് ഐ അസൈനാര്‍ എം, എസ്‌സിപിഒമാരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, ടി ശ്രീകുമാര്‍, പി സഞ്ജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
