മലപ്പുറം-പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് മലപ്പുറം നഗരസഭാ ഭരണസമിതി ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ രണ്ട് നൂതനപദ്ധതികള്‍ സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം നിലക്കുന്നു. രാജ്യത്തെ ആദ്യ സൗജന്യ വൈഫൈ നഗരസഭയെന്ന ഖ്യാതിയോടെ തുടങ്ങിയ മലപ്പുറം നഗരസഭയിലെ സൗജന്യ വൈഫൈ പദ്ധതി ഫണ്ടില്ലാതെ വഴിമുട്ടുകയാണ്.നടത്തിപ്പിലെ ആപാകതമൂലം അക്ഷയപാത്രം പദ്ധതിക്കും തിരശീല വീഴുന്ന മട്ടാണ്. നഗരസഭക്ക് ഏറെ സാമ്പത്തിക ബാധ്യത വന്ന രണ്ടു പദ്ധതികളാണ് ആരംഭിച്ച് ഏറെ വൈകാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
മൂന്ന് മാസം മുമ്പ് തുടക്കമിട്ട സൗജന്യം വൈഫൈ പദ്ധതിയുടെ നടത്തിപ്പു ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്നറിയാതെ പ്രതിസന്ധിയിലാണ് പുതിയ ഭരണ സമിതി. നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സണും പുതുതായി ചുമതലയേറ്റ സെക്രട്ടറിക്കും പദ്ധതിയുടെ നിലവിലെ അവസ്ഥയെ കുറിച്ച് തന്നെ പൂര്‍ണ്ണബോദ്ധ്യമില്ല. നിലവിലുളള ക്ഷേമ പദ്ധതികള്‍ക്കു തന്നെ ഫണ്ട് കണ്ടെത്താന്‍ കഷ്ടപ്പടുന്ന നഗരസഭ സൗജന്യ വൈഫൈ പദ്ധതിയെ മറന്ന മട്ടാണ്. സൗജന്യ വൈഫൈ പദ്ധതി നടത്തിക്കൊണ്ടുപോകാന്‍ ഒരോവര്‍ഷവും 40 ലക്ഷത്തിന് മുകളില്‍ ചെലവ് വരുമെന്ന് നഗരസഭ തന്നെ പറയുന്നു. ഫണ്ടിന് പുതിയ മാര്‍ഗങ്ങളൊന്നും മുന്നിലില്ലാത്ത സ്ഥിതിയില്‍ നഗരസഭയ്ക്ക് വൈഫൈ പദ്ധതി അവസാനിപ്പിക്കേണ്ടിവരും. പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
ഇതിനകം സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ നഗരസഭ ചെലവാക്കിയ 50 ലക്ഷത്തോളം രൂപ പാഴാക്കിയത് മിച്ചം. ഇത്തരം സാങ്കേതിക പദ്ധതികള്‍ വരുത്തി വയ്ക്കുന്ന ബാദ്ധ്യതകളെക്കുറിച്ച് വിദഗ്ദരുടെ അഭിപ്രായം തേടാതിരുന്നതും പദ്ധതിയ്ക്ക് വിനയായി. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 25 നഗരങ്ങളില്‍ മലപ്പുറവുമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ വൈഫൈ പദ്ധതിക്കുളള ഫണ്ട് ലഭ്യമാക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്താതെ സ്വന്തം നിലയില്‍ സൗജന്യ വൈഫൈ പദ്ധതി നടപ്പിലാക്കിയതാണ് നഗരസഭയ്ക്ക് ഇപ്പോള്‍ പണി കിട്ടിയത്.
സ്ഥാപനങ്ങളും വന്‍കിട സംരംഭങ്ങളും കുറവായ നഗരസഭയ്ക്ക് നികുതി വരുമാനം പരിമിതമാണെന്ന കാര്യവും പദ്ധതി നടപ്പിലാക്കുമ്പോള്‍ പരിഗണിച്ചില്ല. സംസ്ഥാന ഐ.ടി. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താത്പര്യപ്രകാരം ഐ.ടി. മിഷന്‍ പ്രഖ്യാപിച്ച 50 ലക്ഷത്തിന്റെ ധനസഹായം ലഭ്യമാക്കാനും കഴിഞ്ഞിട്ടില്ല. വൈഫൈ ഒരുക്കാന്‍ നഗരസഭ എല്‍പ്പിച്ച കേന്ദ്ര പൊതുമേഖല സ്ഥാപനം റെയില്‍ടെല്ല് മലപ്പുറം നഗരത്തില്‍ 15 ഇടങ്ങളില്‍ ആന്റിനകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആന്റിനകളുടെ 300 മീറ്റര്‍ പരിധിയിലാണ് വൈഫൈ സൗകര്യം ലഭ്യമാകുന്നത്. എന്നാല്‍ ഏതൊക്കെ ആന്റിനകള്‍ പ്രവര്‍ത്തക്ഷമമാണെന്ന് കമ്പനിക്ക് തന്നെ അറിയില്ല. ഫണ്ടില്ലാത്തതു കാരണം ടെക്‌നിക്കല്‍ ഉപകരണങ്ങള്‍ക്കു സംഭവിക്കാവുന്ന തകരാര്‍ പരിഹരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുമുണ്ട്.
സിനിമ പോലുളള വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിയന്ത്രിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞെങ്കിലും പ്രായോഗികമായിട്ടില്ല. വൈഫൈ സൗകര്യം ദുരുപയോഗം ചെയ്യാനുളള സാദ്ധ്യതകള്‍ക്കെതിരെ നിരോധിത സൈറ്റുകളുടെ ബ്‌ളോക്കിംഗ് ഉള്‍പ്പെടെയുളളവ പറഞ്ഞിരുന്നെങ്കിലും ഫലപ്രദമായിട്ടില്ല. നൂതന വിദ്യാഭ്യാസ പദ്ധതിയിലേക്കുളള ആദ്യ ഘട്ടമായ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കുന്നതിന് തന്നെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഫണ്ടില്ലാത്ത അവസ്ഥയില്‍ നഗരസഭയ്ക്ക് അതിക ബാധ്യത വരുത്തി വയ്ക്കുന്ന സൗജന്യ വൈഫൈ പദ്ധതിക്കെതിരെ വിമര്‍ശനവുമുയരുന്നുണ്ട്. നിലവില്‍ നഗരസഭ ചെലവാക്കിയ പണത്തിന്റെ കാലവധി തീരുന്നതുവരെ മാത്രം മലപ്പുറം നഗരവാസികള്‍ക്ക് ‘അല്ലലില്ലാതെ’ വൈഫൈ ഉപയോഗിക്കാന്‍ കഴിയും. അതെല്ലങ്കില്‍ കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ വൈഫൈ പദ്ധതിയുടെ ഫണ്ട് ലഭ്യമാക്കാന്‍ കഴിയണം. മലപ്പുറത്തെ കൂടാതെ കേരളത്തില്‍ നിന്ന് തൃശൂരും കൊച്ചിയും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ സൗജന്യ വൈഫൈ പദ്ധതിയെകുറിച്ച് പഠനം നടക്കുന്നതേയുളളു. 2011ലെ സെന്‍സസ് പ്രകാരം 10ലക്ഷത്തിലധികം ജനസംഖ്യയുളള നഗരങ്ങളെയാണ് ആദ്യഘട്ട സൗജന്യ വൈഫൈ പദ്ധതിയില്‍ കേന്ദസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്.
വിശക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ സ്ഥാപിച്ച ‘അക്ഷയപാത്രം’ പദ്ധതിയും ലക്ഷ്യം കൈവരിക്കാതെ പാതവഴിയില്‍ അവസാനിപ്പിക്കാനിരിക്കുകയാണ്. ആസൂത്രണത്തിനെ പിഴവും ജനങ്ങളെ വേണ്ട രീതിയില്‍ ബോധവല്‍ക്കരിക്കാതിരുന്നതുമാണ് ഈ പദ്ധതിക്ക് കോട്ടമായത്. കോട്ടപ്പടി താലൂക്ക് ആശുപത്രിക്ക് സമീപവും കുന്നുമ്മല്‍ മഞ്ചേരി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമായി രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച രണ്ട് ഫ്രീസറുകള്‍ മലപ്പുറം താലൂക്ക് ആശുപത്രിക്ക് മരുന്നുകള്‍ സൂക്ഷിക്കാന്‍ നല്‍കുന്നത് സംബന്ധിച്ച ആലോചനയിലാണ്. പുതിയ ഫ്രീസറുകള്‍ വേണമെന്ന ആവശ്യം നേരത്തെ തന്നെ ആശുപത്രി അധികൃതര്‍ നഗരസഭയെ അറിയിച്ചിരുന്നു. അക്ഷയപാത്രം ഫ്രീസറുകള്‍ ഇതിന് നല്‍കുന്നതോടെ വലിയ പഴിയില്‍ നിന്ന് രക്ഷപ്പെടാമെന്ന കണക്ക്കൂട്ടലിലാണ് നഗരസഭ.
വിവാഹമടക്കമുള്ള ചടങ്ങുകളില്‍ ബാക്കിവരുന്ന ഭക്ഷണ സാധനങ്ങള്‍ റോഡരികില്‍ സ്ഥാപിച്ച ഫ്രീസറുകളില്‍ നിക്ഷേപിച്ച് ഇവിടെ നിന്ന് ആവശ്യമുള്ളവര്‍ക്ക് എടുത്തു കഴിക്കാമെന്ന ലക്ഷ്യത്തോടെയാണ് ഇക്കഴിഞ്ഞ മെയില്‍ നഗരസഭ പദ്ധതി തുടങ്ങിയത്. എന്നാല്‍ പദ്ധതി നടത്തിപ്പില്‍ തുടക്കം മുതല്‍ കാണിച്ച അലംഭാവത്തിനൊപ്പം ജനകീയ ബോധവത്ക്കരണം നടത്താതിരുന്നതും ഫ്രീസറുകളെ നോക്കുകുത്തിയാക്കി. പദ്ധതി നടത്തിപ്പിനായി ബഹുജന കൂട്ടായ്മ രൂപവത്കരിക്കുമെങ്കിലും ഇതും യഥാവിധി നടപ്പായില്ല.
ഇഡ്ഡലി, ചപ്പാത്തി, ബിരിയാണി ഇങ്ങനെ വിശപ്പകറ്റാന്‍ വിഭവങ്ങളുടെ നിര തന്നെയുണ്ടാവുമെന്ന അധികൃതരുടെ വാക്കുകേട്ട് ഇവിടെയെത്തുന്നവര്‍ നിരാശരായി മടങ്ങുകയാണ്. ഏറെ പഴികേട്ടതോടെയാണ് പദ്ധതി ഉപേക്ഷിക്കുന്ന തരത്തിലേക്ക് ആലോചനയിലെത്തിയത്. പദ്ധതി തുടക്കത്തിലേ പരാജയപ്പെട്ടിട്ടും കൂടുതല്‍ ഫ്രീസറുകള്‍ വാങ്ങിക്കാനുള്ള കഴിഞ്ഞ നഗരസഭ കൗണ്‍സിലിന്റെ ശ്രമത്തോട് ഭരണമുന്നണിയില്‍ തന്നെ മുറുമുറുപ്പുണ്ടായിരുന്നു. ഭക്ഷണം ചൂടാക്കി കഴിക്കാന്‍ ഓവന്‍ സ്ഥാപിക്കുമെന്ന് വാക്ക് നല്‍കിയെങ്കിലും ഇതുമുണ്ടായില്ല. ആരോഗ്യ വകുപ്പ് പരിശോധിച്ച ശേഷമേ ഭക്ഷണം ഫ്രീസറില്‍ വെയ്ക്കൂവെന്നുമായിരുന്നു വാഗ്ദാനം. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ജീവനക്കാരെ നിയോഗിക്കുമെന്ന് വാദ്ധാനം ഏറെ പഴികള്‍ കേട്ടതിന് ശേഷമാണ് യാഥാര്‍ത്ഥ്യമായത്.
ഇവ മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്.
