പമ്ബ : കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയിലെ ഭക്തരുടെ എണ്ണം നൂറിലൊന്നായി കുറഞ്ഞിരിക്കുകയാണിപ്പോള്‍. ഇത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും ഗണ്യമായ കുറവിന് കാരണമായി. ഇതോടെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുവാനുള്ള ഭക്തരുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാരിനോട് ബോര്‍ഡ് ശുപാര്‍ശ ചെയ്യുമെന്നാണ് അറിയുന്നത്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മലകയറാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ പോലും വരാത്തതാണ് ദേവസ്വം ബോര്‍ഡിനെ മാറ്റി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് അടക്കം കോവിഡ് രോഗം കണ്ടെത്തിയതും തിരിച്ചടിയായിട്ടുണ്ട്.
മണ്ഡല മകരവിളക്ക് ഉത്സവത്തിന് നട തുറന്നശേഷം കഴിഞ്ഞ ചൊവ്വാഴ്ച വരെയുള്ള 23 ദിവസത്തെ നടവരവ് 4.07 കോടി മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചതിന്റെ അഞ്ച് ശതമാനം പോലും ഇക്കുറി ലഭിച്ചില്ലെന്നതാണ് വസ്തുത. നടവരവിലൂടെയുള്ള കാണിക്ക, അപ്പം അരവണ തുടങ്ങിയവയുടെ വില്‍പ്പന എന്നിവയിലൂടെ ചൊവ്വാഴ്ച വരെ 4,07,36,383 രൂപയാണ് ലഭിച്ചത്. ഇക്കാലയളവില്‍ കേവലം 34,000 പേര്‍ മാത്രമാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസംവരെയുള്ള വരുമാനം 82,70,00,000 രൂപയായിരുന്നു.
ദിവസവും ആയിരം പേര്‍ വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേരെയുമാണ് ശബരിമലയില്‍ പ്രവേശിപ്പിക്കുവാന്‍ സര്‍ക്കാര്‍ ബോര്‍ഡിന് അനുമതി നല്‍കിയത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഭക്തര്‍ എല്ലാവരും വരുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതോടെ ഡിസംബര്‍ മൂന്നുമുതല്‍ രണ്ടായിരം പേരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം ആയും ഉയര്‍ത്തിയിരുന്നു.
