സി.പി.എം വിമതരുടെ യോഗത്തിനുനേരെ സി.പി.എം ആക്രമണം; വിമത കൗണ്‍സിലര്‍ക്ക് ഗുരുതരപരിക്ക്

നിലമ്പൂര്‍- സി.പി.എം വിമതരുടെ പൊതുയോഗത്തിലേക്ക് ഔദ്യോഗിക വിഭാഗംപ്രവര്‍ത്തകര്‍ ഇരച്ചു കയറി വിമതനേതാക്കളെ ആക്രമിച്ചു. ഇരുമ്പുവടികൊണ്ട് തലക്കടിയേറ്റ പരിക്കുകളോടെ സി.പി.എം വിമതരുടെ ജനകീയകൂട്ടായ്മ ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ പി.എം ബഷീറിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബഷീറിന്റെ തലക്ക് ഗുരുതര പരിക്കുണ്ട്. അക്രമത്തില്‍ മുന്‍ സി.പി.എം കൗണ്‍സിലര്‍ ഉമ്മഴി വേണു, ശശി എന്നിവര്‍ക്കും പരിക്കുണ്ട് ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ വൈകുന്നേരം ആറരക്ക് നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ നിലമ്പൂര്‍ ചെട്ടിയങ്ങാടിയില്‍ ആശുപത്രി റോഡ് ജംങ്ഷനിലായിരുന്നു സി.പി.എം ആക്രമണം. വിമതപക്ഷത്തെ എട്ടുനേതാക്കളെ പുറത്താക്കിയ കൂട്ടനടപടിയില്‍ പ്രതിഷേധിച്ച് നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി അംഗത്വം ഒഴിയുന്നത് പ്രഖ്യാപിക്കലും നേതൃത്വത്തിനെതിരെ കുറ്റവിചാരണ നടത്താനുമായിരുന്നു വിമതരുടെ പൊതുയോഗം. പ്രകടനത്തിനു ശേഷം പൊതുയോഗം ആരംഭിച്ച ഉടനെ റോഡുവക്കില്‍ നിന്ന സി.പി.എം പ്രവര്‍ത്തകര്‍ കൂക്കുവിളി തുടങ്ങി. ജനകീയ കൂട്ടായ്മ രക്ഷാധികാരി ജോസ് കെ അഗസ്റ്റിന്‍ പ്രസംഗം തുടങ്ങിയപ്പോഴേക്കും മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ പൊതുയോഗം കൈയ്യേറുകയായിരുന്നു. ഇരുമ്പുകമ്പിയും പൈപ്പുമായാണ് ഇവരെത്തിയത്. നിരായുധരായ ജനകീയകൂട്ടായ്മ പ്രവര്‍ത്തകര്‍ക്ക് ഇവരെ പ്രതിരോധിക്കാനായില്ല. ഇരുമ്പുകമ്പികൊണ്ടുള്ള അടിയേറ്റ് തലയില്‍ നിന്നും രക്തംവാര്‍ന്നൊഴുകിയ ബഷീറിനെ പ്രവര്‍ത്തകര്‍ ഓട്ടോറിക്ഷയില്‍ അടുത്തുള്ള ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് രാത്രി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബഷീറടക്കമുള്ളവരെ ആക്രമിച്ചശേഷവും സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിയുമായി പൊതുയോഗസ്ഥലത്ത് നിലയുറപ്പിച്ചത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസെത്തിയിട്ടും ഇവര്‍ മാറാന്‍ തയ്യാറായില്ല. ഇതിനിടെ സി.പി.എം ലോക്കല്‍സെക്രട്ടറി കക്കാടന്‍ റഹീം, ഏരിയാ സെന്റര്‍ അംഗം മാട്ടുമ്മല്‍ സലീം എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനമായി ടൗണ്‍ചുറ്റിവന്ന സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും സി.പി.എം വിമതര്‍ക്കുനേരെ തിരിഞ്ഞു. പോലീസ് ഇടയില്‍ നിലയുറപ്പിച്ചാണ് ഇവരെ തടഞ്ഞത്. അക്രമത്തെ തുടര്‍ന്ന് വിമതര്‍ക്ക് കുറ്റവിചാരണ പൊതുയോഗം നടത്താനായില്ല.

സി.പി.എം ഏരിയാ സമ്മേളനത്തിലെ വിഭാഗീയതയെത്തുടര്‍ന്ന് 12 വിമതനേതാക്കളെയാണ് ഇതുവരെ സി.പി.എം പുറത്താക്കിയത്. പാര്‍ട്ടി ഓഫീസില്‍ അനാശാസ്യം, മദ്യസല്‍ക്കാരം, ഇ.എം.എസ് സെമിനാറിന്റെ ഫണ്ട് വെട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് 87 സി.പി.എം അംഗങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗികപക്ഷത്തെ പ്രമുഖനായമുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായിരുന്ന പി.ടി ഉമ്മറിനെ ഏരിയാ കമ്മിറ്റിയിലേക്ക തരംതാഴ്ത്തുകയും പരാതി നല്‍കിയ വിമതപക്ഷത്തെ പി.എം ബഷീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇതോടെ നഗരസഭാ കൗണ്‍സിലറായ ഡി.വൈ.എഫ്.ഐ മുന്‍ ബ്ലോക്ക് സെക്രട്ടറികൂടിയായ ബഷീറിന്റെ നേതൃത്വം വിമതപക്ഷം ജനകീയ കൂട്ടായ്മ എന്ന പേരില്‍ പ്രത്യേക പാര്‍ട്ടിയായാണ് പ്രവര്‍ത്തിച്ചത്.

നഗസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ മത്സരിച്ച പി.എം ബഷീറും കെ.ഗോപാലകൃഷ്ണന്‍ എന്ന മണിയും വിജയിക്കുകയും ചെയ്തു. വിമതര്‍ രണ്ടു സീറ്റ് നേടി ശക്തിതെളിയിച്ചപ്പോള്‍ 10 അംഗങ്ങളുണ്ടായിരുന്ന സി.പി.എം അഞ്ചു സീറ്റിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇതോടെയാണ് സി.പി.എമ്മിനെതിരെ മത്സരിച്ച ബഷീറുള്‍പ്പെടെ മൂന്നു പേരെ പുറത്താക്കിയതിനു പിന്നാലെ എട്ടു പേരെക്കൂടി പുറത്താക്കി സി.പി.എം നടപടി ശക്തിമാക്കിയത്. ഇതിനെതിരെ നേതാക്കള്‍ക്കെതിരെ സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയ കത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കുറ്റവിചാരണയായി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും വിമതപക്ഷത്തെ നിലവിലുള്ള പാര്‍ട്ടിഅംഗങ്ങളും അംഗത്വം ഒഴിയാനും തീരുമാനിച്ചത്. ഈ നീക്കമാണ് സി.പി.എം അക്രമം നടത്തി തടഞ്ഞത്.

സി.പി.എമ്മുകാര്‍ ആക്രമണം നടത്തിയത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് നിലമ്പൂരിലെ പാര്‍ട്ടി ഓഫീസിലുള്ളപ്പോഴായിരുന്നെന്ന് വിമത വിഭാഗം വ്യക്തമാക്കി. പാര്‍ട്ടി ഓഫീസില്‍ നടന്ന ഗൂഢാലോചനക്കു ശേഷമാണ് ആക്രമണം നടന്നതെന്നും വിമതര്‍ ആരോപിച്ചു. അതേസമയം മുന്‍ ഏരിയാ കമ്മിറ്റി അംഗം ഇ.എം റഷീദ് അനുസ്മരണ ചടങ്ങിനെത്തിയതായിരുന്നു സ്വരാജെന്ന് സി.പി.എം.നേതാക്കള്‍ വ്യക്തമാക്കി. യോഗം കഴിഞ്ഞു മടങ്ങിയ പ്രവര്‍ത്തകര്‍ക്കുനേരെ വിമതപക്ഷം ആക്രമണം നടത്തിയെന്നും അവര്‍ ആരോപിച്ചു.

മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ ചികിത്സതേടി

നിലമ്പൂര്‍- സി.പി.എം വിമതരുടെ പൊതുയോഗം കയ്യേറിയ അക്രമത്തെ തുടര്‍ന്ന് മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ നിലമ്പൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. നെടുമുണ്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍, ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ മേഖലാ പ്രസിഡന്റ് ഷാജി ചക്കാലക്കുത്ത്, സെക്രട്ടറി എം. ജംഷീദ് എന്നിവരെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുനേരെ നേരെയുള്ള അക്രമം തേ നാണയത്തില്‍ നേരിടുമെന്ന് എരിയാ സെക്രട്ടറി ഇ. പത്മാക്ഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *